ചണ്ഡീഗഡ്: പഞ്ചാബിലെ തരണ്‍ തരണ്‍ ജില്ലയില്‍ ഒരേ കുടുംബത്തിലെ മൂന്ന് പേര്‍ ശ്വാസംമുട്ടി മരിച്ചു. അലിപൂര്‍ ഗ്രാമവാസികളായ അര്‍ഷ്ദീപ് സിങ് (21), ഭാര്യ ജഷന്‍ദീപ് കൗര്‍ (20), ഇവരുടെ കുഞ്ഞ് ഗുര്‍ബാസ് സിങ് (ഒന്നര മാസം) എന്നിവരാണ് മരിച്ചത്. കടുത്ത തണുപ്പിനെ പ്രതിരോധിക്കാന്‍ മുറിക്കുള്ളില്‍ കല്‍ക്കരി കത്തിച്ചുവെച്ച്, വാതിലുകളും ജനലുകളും അടച്ച് ഉറങ്ങാന്‍ കിടന്നതാണ് അപകടത്തിന് കാരണമായതെന്നാണ് നിഗമനം.

പുക പുറത്തേക്ക് പോകാന്‍ വെന്റിലേഷനുകളില്ലാതിരുന്നതിനാല്‍ കല്‍ക്കരിയില്‍ നിന്നുള്ള വിഷപ്പുക അമിതമായി ശ്വസിച്ചതാണ് മരണകാരണമെന്ന് പൊലീസ് സംശയിക്കുന്നു. ഇതേ മുറിയിലുണ്ടായിരുന്ന പത്തു വയസ്സുകാരനെ ഗുരുതരാവസ്ഥയില്‍ രക്ഷപ്പെടുത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ ഹരിക്കെ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.