ന്യൂഡല്‍ഹി: സഹപാഠികള്‍ക്കൊപ്പം മദ്യപിച്ച വിവരം ഹോസ്റ്റല്‍ അധികൃതര്‍ വീട്ടില്‍ അറിയിച്ചു. പിന്നാലെ ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്നും ചാടി വിദ്യാര്‍ഥി ജീവനൊടുക്കി. ഗ്രേറ്റര്‍ നോയിഡയില്‍ വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. രണ്ടാംവര്‍ഷ ബിടെക് വിദ്യാര്‍ഥിയായ ഉത്തര്‍പ്രദേശ് ഝാന്‍സി സ്വദേശി ഉദിത് സോണിയാണ് (20) മരിച്ചത്.

രണ്ടു സുഹൃത്തുക്കള്‍ക്കൊപ്പം മദ്യപിച്ച ശേഷം വെള്ളിയാഴ്ച രാത്രി വൈകിയാണ് ഉദിത് ഹോസ്റ്റലില്‍ എത്തിയത്. മദ്യപിച്ചെത്തിയതാണെന്നു വ്യക്തമായതോടെ ഹോസ്റ്റല്‍ ചട്ടങ്ങള്‍ ലംഘിച്ചെന്ന് കുറ്റപ്പെടുത്തി മാനേജ്മെന്റ് അധികൃതര്‍ ഉദിത് സോണിയുടെ വീഡിയോ ചിത്രീകരിച്ച് പിതാവിന് അയച്ചു. തുടര്‍ന്ന് പിതാവ് വിജയ് സോണി മകനെ ഫോണില്‍ വിളിച്ച് ശകാരിക്കുകയും പഠനം നിര്‍ത്തി വീട്ടിലേക്ക് തിരിച്ചു കൊണ്ടുവരുമെന്ന മുന്നറിയിപ്പും നല്‍കി. ഇതിന്റെ മനോവിഷമത്തിലാണ് വിദ്യാര്‍ഥി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടിയതെന്നാണ് പ്രാഥമികവിവരമെന്ന് പൊലീസ് പറഞ്ഞു.

വിദ്യാര്‍ഥിയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പോസ്റ്റുമോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. അധികൃതരുടെ ഭാഗത്ത് അനാസ്ഥയാരോപിച്ച് ഹോസ്റ്റലിലെ മറ്റു വിദ്യാര്‍ഥികള്‍ പ്രതിഷേധിച്ചു. ഹോസ്റ്റലിന് പുറത്ത് നിര്‍ത്തിയിട്ടിരുന്ന നിരവധി ബസുകള്‍ വിദ്യാര്‍ഥികള്‍ നശിപ്പിക്കുകയും നോളജ് പാര്‍ക്ക് ഏരിയയില്‍ സ്ഥിതി ചെയ്യുന്ന കാമ്പസിലെ മറ്റ് വസ്തുക്കള്‍ നശിപ്പിക്കുകയും ചെയ്തു.