മുംബൈ: പ്രമുഖ മാധ്യമപ്രവര്‍ത്തകയും എഴുത്തുകാരിയുമായ റാണ അയൂബിന് സിഖ് വിരുദ്ധ കലാപത്തെക്കുറിച്ചെഴുതാന്‍ ആവശ്യപ്പെട്ടും, വിസമ്മതിച്ചാല്‍ കൊല്ലുമെന്നും കാണിച്ച് വധഭീഷണി സന്ദേശം. 'ഹാരി ഷൂട്ടര്‍ കാനഡ' എന്ന് സ്വയം പരിചയപ്പെടുത്തിയ വ്യക്തി വിദേശ നമ്പറില്‍ നിന്നാണ് വാട്ട്സ്ആപ്പ് വഴി ഭീഷണി സന്ദേശം അയച്ചത്. ഇതേത്തുടര്‍ന്ന് റാണ അയൂബ് മുംബൈ പൊലീസില്‍ പരാതി നല്‍കി.

1984ല്‍ നടന്ന സിഖ് വിരുദ്ധ കലാപത്തെക്കുറിച്ചും അന്നത്തെ സംഭവങ്ങളെക്കുറിച്ചും അമേരിക്കയിലെ പ്രമുഖ പത്രമായ വാഷിംഗ്ടണ്‍ പോസ്റ്റില്‍ ലേഖനം എഴുതണമെന്നാണ് സന്ദേശത്തിലെ ആവശ്യം. ഈ ആവശ്യം നിരാകരിച്ചാല്‍ റാണ അയൂബിനെയും അവരുടെ പിതാവിനെയും വധിക്കുമെന്നും ഭീഷണിപ്പെടുത്തുന്നുണ്ട്. വാഷിംഗ്ടണ്‍ പോസ്റ്റിന് വേണ്ടി പ്രവര്‍ത്തിക്കുന്ന റാണ അയൂബിന്റെ താമസസ്ഥലവും മറ്റ് വ്യക്തിഗത വിവരങ്ങളും ഭീഷണിപ്പെടുത്തിയയാള്‍ക്ക് അറിയാമെന്നതും ആശങ്ക വര്‍ദ്ധിപ്പിക്കുന്നു.

വിദേശ നമ്പറില്‍ നിന്ന് നിരന്തരമായി ഫോണ്‍ വിളികള്‍ വരികയും റാണ അയൂബ് പ്രതികരിക്കാതിരിക്കുകയും ചെയ്തപ്പോഴാണ് വാട്ട്സ്ആപ്പ് വഴി ഭീഷണി സന്ദേശം എത്തിയതെന്ന് പൊലീസ് അറിയിച്ചു. റാണ അയൂബ് നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്തെങ്കിലും, ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ ദുര്‍ബലമായ വകുപ്പുകള്‍ (351(4) പ്രകാരം) ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. നിലവില്‍ കോടതി ഉത്തരവുണ്ടെങ്കില്‍ മാത്രമേ അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് കടക്കാന്‍ കഴിയൂ. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.