ന്യൂഡല്‍ഹി: വായു മലിനീകരണം അതീവ ഗുരുതരമായി തുടരുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ സ്‌കൂളുകളിലെ 10,000 ക്ലാസ് മുറികളില്‍ എയര്‍ പ്യൂരിഫയറുകള്‍ സ്ഥാപിക്കാന്‍ ഡല്‍ഹി സര്‍ക്കാര്‍. ആദ്യഘട്ടമെന്ന നിലയിലാണ് 10,000 ക്ലാസ് മുറികളില്‍ പ്യൂരിഫയറുകള്‍ സ്ഥാപിക്കുകയെന്ന് ഡല്‍ഹി വിദ്യാഭ്യാസ മന്ത്രി ആശിഷ് സൂദ് അറിയിച്ചു. മലിനീകരണ പ്രശ്‌നത്തിന് ശാശ്വതപരിഹാരങ്ങള്‍ കണ്ടെത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.

കുട്ടികള്‍ക്ക് 'സ്മാര്‍ട്ട്' വിദ്യാഭ്യാസം നല്‍കുന്നതിനൊപ്പം ശ്വസിക്കാന്‍ 'സ്മാര്‍ട്ട്' വായുവും ഉറപ്പാക്കുക എന്നതാണ് ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. നിലവില്‍ ഡല്‍ഹിയിലെ സര്‍ക്കാര്‍ സ്‌കൂളുകളിലായി ആകെ 38,000 ക്ലാസ് മുറികളാണുള്ളത്.

ഇവയില്‍ ഘട്ടം ഘട്ടമായി പ്യൂരിഫയറുകള്‍ സ്ഥാപിക്കും. ഇതിനായുള്ള ടെന്‍ഡര്‍ നടപടികള്‍ വെള്ളിയാഴ്ച തന്നെ ആരംഭിച്ചതായും മന്ത്രി വ്യക്തമാക്കി. മുന്‍ സര്‍ക്കാരുകള്‍ നടത്തിയ 'ഓഡ്-ഈവന്‍', 'ഗാഡി ഓണ്‍, ഗാഡി ഓഫ്' തുടങ്ങിയ പ്രചാരണ പരിപാടികള്‍ താല്‍ക്കാലിക പരിഹാരങ്ങള്‍ മാത്രമായിരുന്നുവെന്ന് അദ്ദേഹം വിമര്‍ശിച്ചു.

പരിസ്ഥിതി സെസ്സ് ഉപയോഗിച്ച് ഓരോ നിയമസഭാ മണ്ഡലങ്ങളിലും റോഡുകള്‍ വൃത്തിയാക്കുന്നതിനായി മെക്കാനിക്കല്‍ സ്വീപ്പര്‍ മെഷീനുകള്‍ വാങ്ങാന്‍ പൊതുമരാമത്ത് വകുപ്പിനോട് നിര്‍ദേശിച്ചിട്ടുണ്ട്.

ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി 500 കോടി രൂപ കൂടി ഉടന്‍ അനുവദിക്കുമെന്നും മന്ത്രി അറിയിച്ചു. ഡല്‍ഹിയിലെ വായു ഗുണനിലവാരം വരും ദിവസങ്ങളിലും മോശമായി തുടരാന്‍ സാധ്യതയുള്ളതിനാല്‍ സ്‌കൂളുകളിലെ പ്യൂരിഫയറുകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വലിയ ആശ്വാസമാകുമെന്നാണ് പ്രതീക്ഷ.