- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മകന്റെ കുഞ്ഞിനെ വേണം; മരിച്ചു പോയ മകന്റെ ബീജം മാതാപിതാക്കള്‍ക്ക് കൈമാറാന്‍ ഡല്‍ഹി ഹൈക്കോടതിയുടെ ഉത്തരവ്
മരിച്ചു പോയ മകന്റെ ബീജം മാതാപിതാക്കള്‍ക്ക് കൈമാറാന്‍ ഡല്‍ഹി ഹൈക്കോടതിയുടെ ഉത്തരവ്
ന്യൂഡല്‍ഹി: മരിച്ചുപോയ വ്യക്തിയുടെ ശീതീകരിച്ച് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന ബീജം അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ക്ക് കൈമാറാന്‍ ഡല്‍ഹി ഹൈക്കോടതിയുടെ ഉത്തരവ്. മരിച്ചു പോയ മകന്റെ കുഞ്ഞിനെ വേണമെന്ന മാതാപിതാക്കളുടെ ആവശ്യം അംഗീകരിച്ച കോടതി ബീജം സൂക്ഷിച്ചിട്ടുള്ള സര്‍ ഗംഗാറാം ആശുപത്രിയ്ക്ക് ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കി.
മരണാനന്തരമുള്ള പ്രത്യുല്‍പാദനത്തിന് രാജ്യത്തെ നിയമം ഒരുതരത്തിലുള്ള വിലക്കും ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് കോടതി വ്യക്തമാക്കി. അതിനാല്‍ മരിച്ച വ്യക്തിയുടെ ബീജം പ്രത്യുല്‍പാദനത്തിനായി ഉപയോഗപ്പെടുത്താമെന്ന് ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് പ്രതിഭ എം. സിങ് വ്യക്തമാക്കി. പേരക്കുട്ടികളെ മാതാപിതാക്കളുടെ അച്ഛനമ്മമാര്‍ വളര്‍ത്തുന്നത് സാധാരണമാണെന്നും ജഡ്ജി കൂട്ടിച്ചര്‍ത്തു. എങ്കിലും വാണിജ്യപരമായ ഉദ്ദേശ്യത്തോടെ ബീജം ഉപയോഗപ്പെടുത്താന്‍ പാടില്ല എന്നും കോടതി ഓര്‍മിപ്പിച്ചു.
2022 നവംബറില്‍ ഹൈക്കോടതി ബീജം കൈമാറുന്നതു സംബന്ധിച്ച് ആരോഗ്യ- കുടുംബക്ഷേമ മന്ത്രാലയത്തില്‍നിന്ന് പ്രതികരണം തേടി നോട്ടീസയച്ചിരുന്നു. 2020 സെപ്റ്റംബരില്‍ അര്‍ബുദം മൂലം മരിച്ച മകന്റെ ബീജം വിട്ടുകിട്ടുന്നതുമായി ബന്ധപ്പെട്ടാണ് മാതാപിതാക്കള്‍ കോടതിയെ സമീപിച്ചത്. ആദ്യം ഇതേ ആവശ്യവുമായി ആശുപത്രിയെ സമീപിച്ചെങ്കിലും ആവശ്യം ആശുപത്രി അധികൃതര്‍ നിരസിച്ചു. സര്‍ക്കാരില്‍നിന്ന് ഇതുമായി ബന്ധപ്പെട്ടുള്ള നിര്‍ദേശങ്ങളില്ല എന്നതായിരുന്നു ആശുപത്രി അധികൃതര്‍ ചൂണ്ടിക്കാണിച്ച കാരണം.