- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചുമ്മാ..ഒന്ന് ലീവ് എടുത്ത് സിനിമ പഠിക്കാൻ പോയത് അങ്ങ് കാനഡയിൽ; നാട്ടിൽ ചെയ്യാത്ത ജോലിക്ക് ശമ്പളവും വാങ്ങി മാഡം; ഒടുവിൽ വനിതാ ഡോക്ടർക്ക് പണി കിട്ടിയത് ഇങ്ങനെ
ഡൽഹി: ഡൽഹിയിലെ ജി.ബി. പന്ത് ആശുപത്രിയിലെ ബയോകെമിസ്ട്രി വിഭാഗം മേധാവിയായ ഡോ. മഞ്ജു സബർവാളിന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിൻ്റെ കാരണം കാണിക്കൽ നോട്ടീസ്. മേലുദ്യോഗസ്ഥരെ അറിയിക്കാതെ രാജ്യം വിട്ട് കാനഡയിൽ സിനിമാ നിർമ്മാണ മേഖലയിൽ സജീവമായിരിക്കെ കഴിഞ്ഞ മൂന്ന് വർഷമായി കേന്ദ്ര സർക്കാരിൽ നിന്ന് ശമ്പളം കൈപ്പറ്റിയെന്നാണ് കണ്ടെത്തൽ.
സർക്കാർ ഉദ്യോഗസ്ഥർ നീണ്ട അവധികൾ എടുക്കുമ്പോൾ പാലിക്കേണ്ട ഒരു നിബന്ധനകളും ഡോ. മഞ്ജു സബർവാൾ പാലിച്ചിട്ടില്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. സമൂഹമാധ്യമങ്ങളിൽ കാനഡ ആസ്ഥാനമായുള്ള സിനിമാ നിർമ്മാതാവ് എന്നാണ് ഡോക്ടർ സ്വയം വിശേഷിപ്പിക്കുന്നത്. ഔദ്യോഗിക അനുമതിയില്ലാതെ ജോലിക്ക് ഹാജരാകാത്തത് സർവ്വീസ് ബ്രേക്കിന് സമാനമായി കണക്കാക്കാതിരിക്കാനുള്ള കാരണങ്ങൾ വിശദീകരിക്കാനാണ് നോട്ടീസിലെ ആവശ്യം. ഈ കാലയളവിൽ കൈപ്പറ്റിയ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും തിരികെ അടയ്ക്കണമെന്നും സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്.
അതേസമയം, ഡോക്ടർ ഇന്ത്യ സന്ദർശിച്ച സമയങ്ങൾ സൂക്ഷ്മമായി വിലയിരുത്താൻ കേന്ദ്രം ഫോറിനേഴ്സ് റീജിയണൽ രജിസ്ട്രേഷൻ ഓഫീസർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. സംഭവത്തിൽ ആശുപത്രിയിൽ നിന്നും വിശദീകരണം തേടിയിട്ടുണ്ട്. ഇതിനിടെ, ഡോ. മഞ്ജു സബർവാളിനെ വിഭാഗം മേധാവി സ്ഥാനത്ത് നിന്ന് നീക്കിയിട്ടുണ്ട്. ദില്ലി സർക്കാരിന് കീഴിലുള്ള ജി.ബി. പന്ത് ആശുപത്രിയിലെ ലാബുകളുടെ മേൽനോട്ടവും വസ്തുക്കളുടെ ശേഖരണവും കൈകാര്യം ചെയ്യേണ്ട ഉദ്യോഗസ്ഥയാണ് വർഷങ്ങളായി ജോലിക്ക് ഹാജരാകാത്തത്.
കേന്ദ്ര ആരോഗ്യ സർവ്വീസിൽ വർഷം തോറും നിശ്ചിത അവധികൾ ലഭ്യമായിരിക്കെ, ബിരുദാനന്തര കോഴ്സുകൾക്കായി 36 മാസം വരെ അവധിയെടുക്കാൻ വ്യവസ്ഥയുണ്ട്. എന്നാൽ, അഞ്ച് വർഷത്തിനുള്ളിൽ തിരിച്ചെത്തണമെന്ന വ്യവസ്ഥയിൽ ഒപ്പിട്ടാണ് ഡോക്ടർ അവധിയെടുത്തിട്ടുള്ളതെന്നാണ് റിപ്പോർട്ട്.