ന്യൂഡല്‍ഹി: തുടര്‍ച്ചയായ ആറാം വര്‍ഷവും ലോക മലിനീകരണ നിയന്ത്രണ റിപ്പോര്‍ട്ടുകളില്‍ രാജ്യതലസ്ഥാനം ഭയപ്പെടുത്തും വിധം മുന്നില്‍. 2024ലെ ലോക വായു ഗുണനിലവാര സൂചിക റിപ്പോര്‍ട്ടില്‍ ലോകത്തെ ഏറ്റവും മലിനമാക്കപ്പെട്ട നഗരങ്ങളുടെ പട്ടികയില്‍ ഒന്നാമതാണ്. ശരാശരി PM 2.5 സാന്ദ്രതയില്‍ 91.8 മൈക്രോഗ്രാം പെര്‍ ക്യുബിക് മീറ്ററാണ് ഡല്‍ഹിയിലെ മലിനീകരണതോത്. ലോകത്തിലെ ഏറ്റവും മലിനമാക്കപ്പെട്ട 20 നഗരങ്ങളില്‍ 13ഉം ഇന്ത്യയില്‍ ആണെന്നതാണ് ഞെട്ടിപ്പിക്കുന്ന മറ്റൊരു കാര്യം.

മലിനീകരണം ഇന്ത്യക്കാരുടെ ആയുര്‍ദൈര്‍ഘ്യം 5 വര്‍ഷം കുറയ്ക്കുന്നതായും റിപ്പോര്‍ട്ട് ഉണ്ട്. ഡല്‍ഹിയ്ക്ക് ശേഷം ലോക വായു ഗുണനിലവാര സൂചികയില്‍ അസം- മേഘാലയ അതിര്‍ത്തിയിലുള്ള ബൈര്‍ണിഹത്താണ് ഏറ്റവും മലിനമായ നഗരങ്ങളില്‍ മുന്നില്‍. ഫരീദാബാദ്, ലോണി (ഗാസിയാബാദ്), ഗുഡ്ഗാവ്, ഗ്രേറ്റര്‍ നോയിഡ, ഭിവാഡി, നോയിഡ, മുസാഫര്‍നഗര്‍, ന്യൂഡല്‍ഹി (സെന്‍ട്രല്‍ ഡല്‍ഹി), ഡല്‍ഹി നഗരത്തിന്റെ മറ്റ് ഭാഗങ്ങള്‍ എന്നിവയാണ് മലിനീകരണത്താല്‍ അടയാളപ്പെടുത്തിയ മറ്റ് നഗരങ്ങള്‍.

ലോകത്തിലെ ഏറ്റവും മലിനമായ അഞ്ചാമത്തെ രാജ്യമാണ് ഇന്ത്യ, ശരാശരി വായു ഗുണനിലവാര സൂചിക (AQI) 50.6 മൈക്രോഗ്രാം പെര്‍ ക്യുബിക് മീറ്ററാണ്. ലോകാരോഗ്യ സംഘടനയുടെ (WHO) വാര്‍ഷിക PM2.5 മാര്‍ഗ്ഗനിര്‍ദ്ദേശ മൂല്യത്തിനേക്കാള്‍ 10 മടങ്ങ് കൂടുതലാണ് ഇത്. 2023 ല്‍, ഏറ്റവും മലിനമായ മൂന്നാമത്തെ രാജ്യമായിരുന്നു ഇന്ത്യ.

2023 ല്‍ ഒരു ക്യൂബിക് മീറ്ററിന് 54.4 മൈക്രോഗ്രാം ആണ് ഇന്ത്യയിലെ മലിനീകരണ തോത്. ഇന്ത്യയില്‍ വായു മലിനീകരണം ഒരു പ്രധാന ആരോഗ്യ പ്രശ്നമായി തുടരുകയാണ്. ഇത് മൂലം ഇന്ത്യക്കാരുടെ ആയുര്‍ദൈര്‍ഘ്യം ഏകദേശം 5.2 വര്‍ഷമായി കുറയുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.