ന്യൂഡൽഹി: ടേക്ക് ഓഫ് ആരംഭിക്കാനിരുന്ന എയർ ഇന്ത്യയുടെ ബോയിംഗ് 787 ഡ്രീംലൈനർ വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് യാത്ര റദ്ദാക്കി. മുൻകരുതൽ പരിശോധനകൾക്കായി വിമാനം തിരികെ ഡൽഹി വിമാനത്താവളത്തിലെ പാർക്കിംഗ് ബേയിലേക്ക് കൊണ്ട് പോയതായി എയർലൈൻ അധികൃതർ പറഞ്ഞു. ഡൽഹിയിൽ നിന്ന് ലണ്ടനിലേക്ക് പറക്കാൻ നിശ്ചയിച്ചിരുന്ന എയർ ഇന്ത്യയുടെ എഐ 2017 വിമാനമാനത്തിനാണ് സാങ്കേതിക തകരാറാറുണ്ടായത്.

സാങ്കേതിക തകരാറിനെ തുടർന്ന് പൈലറ്റുമാർ ടേക്ക് ഓഫ് നിർത്തിവയ്ക്കാനും സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് നടപടിക്രമങ്ങൾ ആരംഭിക്കാനും തീരുമാനിക്കുകയായിരുന്നു. തുടർന്ന് പരിശോധനകൾക്കായി വിമാനം തിരികെ കൊണ്ടുപോവുകയായിരുന്നു. യാത്രക്കാരെ നിശ്ചിത സ്ഥലങ്ങളിലേക്കെത്തിക്കാൻ മറ്റൊരു വിമാനം തയ്യാറെടുത്തതായും അധികൃതർ പറഞ്ഞു. യാത്രക്കാരുടെ സുരക്ഷയിലാണ് എയർ ഇന്ത്യ മുൻഗണന നൽകുന്നതെന്നുമാണ് അധികൃതർ വ്യക്തമാക്കുന്നത്.

വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരുടെ വിവരങ്ങൾ ലഭ്യമല്ല. എയർ ഇന്ത്യ വിമാനങ്ങളുമായി ബന്ധപ്പെട്ട് നിരവധി വിമർശങ്ങൾ ഉയർന്ന വരുന്നതിനിടെയാണ് ബോയിംഗ് 787 ഡ്രീംലൈനറിന്റെ യാത്ര റദ്ദാക്കിയത്. മാത്രമല്ല എയർലൈൻ റെഗുലേറ്ററി സ്കാനറിന് കീഴിലാണ്. ജൂൺ 12 ന് അഹമ്മദാബാദിൽ തകർന്നത്തിന് സമാനമായ വിമാനമാണ് ബോയിംഗ് 787 ഡ്രീംലൈനർ. അഹമ്മദാബാദിൽ നിന്ന് ലണ്ടനിലേക്ക് പറന്നുയർന്ന് വിമാനം വെറും 32 സെക്കൻഡുകൾക്ക് ശേഷം തകർന്നു വീഴുകയായിരുന്നു. 242 യാത്രക്കാരിൽ ഒരാൾ മാത്രമാണ് രക്ഷപ്പെട്ടത്.