- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരു കെട്ടിടത്തിന്റെ മുകളിൽ നിന്ന് തെറിച്ചുവീണ ഒരാൾ; വേദന കൊണ്ട് പുളഞ്ഞ് ജീവൻ; പെട്ടെന്ന് അതുവഴി നടന്നുപോയവർ ചെയ്തത് കണ്ണില്ല ക്രൂരത; സഹായം കിട്ടാതെ യുവാവിന് ദാരുണാന്ത്യം

ഡൽഹി: ഡൽഹിയിലെ വികാസ് നഗറിൽ കെട്ടിടത്തിൽ നിന്ന് വീണു ഗുരുതരാവസ്ഥയിലായ യുവാവിനെ സഹായിക്കുന്നതിന് പകരം മൊബൈൽ ഫോൺ കവർന്ന ശേഷം കടന്നുകളഞ്ഞ ബൈക്ക് യാത്രികരുടെ ക്രൂരതയിൽ ദാരുണാന്ത്യം. ചൊവ്വാഴ്ച പുലർച്ചെ നാല് മണിയോടെയായിരുന്നു സംഭവം. മണിക്കൂറുകളോളം സഹായം ലഭിക്കാതെ റോഡിൽ കിടന്ന യുവാവാണ് പിന്നീട് മരണത്തിന് കീഴടങ്ങിയത്.
കെട്ടിടത്തിന് മുകളിൽ നിന്ന് താഴെ വീണ് വേദനയാൽ പുളയുകയായിരുന്ന യുവാവിന്റെ അടുത്തേക്ക് ബൈക്കിലെത്തിയ രണ്ട് പേർ ഓടിയെത്തുകയായിരുന്നു. സഹായം നൽകുന്നതിന് പകരം, ബൈക്കിന്റെ പിന്നിലിരുന്നയാൾ യുവാവിന്റെ മൊബൈൽ ഫോൺ തട്ടിയെടുത്ത് കടന്നുകളഞ്ഞു. പിന്നീട് ഇയാൾ തിരികെയെത്തി യുവാവിന്റെ പോക്കറ്റിൽ പണമുണ്ടോയെന്നും പരിശോധിച്ചു. പണമൊന്നുമില്ലെന്ന് കണ്ടതോടെ ചുറ്റും നിരീക്ഷിക്കുകയും സമീപത്ത് സിസിടിവി ക്യാമറകൾ കണ്ടപ്പോൾ കൂട്ടാളിയോടൊപ്പം സ്ഥലത്ത് നിന്ന് രക്ഷപ്പെടുകയുമായിരുന്നു.
സഹായത്തിനായി റോഡിൽ കിടന്ന യുവാവിന് സമയോചിതമായ ചികിത്സയോ ആരുടെ ഭാഗത്തുനിന്നും സഹായമോ ലഭിച്ചില്ല. മണിക്കൂറുകളോളം അവശനിലയിൽ കിടന്ന ഇദ്ദേഹം പിന്നീട് മരണത്തിന് കീഴടങ്ങുകയായിരുന്നു. രാവിലെ എട്ട് മണിയോടെ ഇതുവഴിയെത്തിയ നാട്ടുകാരാണ് മൃതദേഹം കണ്ട് പോലീസിനെ വിവരമറിയിച്ചത്.
പോലീസ് സ്ഥലത്തെത്തി മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു. അതേസമയം, മരിച്ചയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ഇദ്ദേഹം ഹൃദയാഘാതമോ അപസ്മാരമോ മൂലമാകാം കെട്ടിടത്തിൽ നിന്ന് താഴെവീണതെന്നാണ് പ്രാഥമിക നിഗമനം. മനുഷ്യത്വം മരവിച്ച ഈ സംഭവത്തിൽ പ്രതികൾക്കായി തിരച്ചിൽ ഊർജ്ജിതമാക്കിയിരിക്കുകയാണ് ഡൽഹി പോലീസ്.


