ഡൽഹി: ഡൽഹി മെട്രോ സ്റ്റേഷനിലെ ട്രാക്കിലേക്ക് മകനെക്കൊണ്ട് മൂത്രമൊഴിപ്പിച്ച പിതാവിനെതിരെ സാമൂഹിക മാധ്യമങ്ങളിൽ വ്യാപക വിമർശനം. ഇന്ദർലോക് മെട്രോ സ്റ്റേഷനിൽ നടന്ന സംഭവത്തിൻ്റെ ദൃശ്യങ്ങൾ പ്രചരിച്ചതോടെയാണ് പിതാവിൻ്റെ പ്രവൃത്തിയെച്ചൊല്ലി രൂക്ഷമായ ചർച്ചകൾക്ക് തുടക്കമായത്.

പ്ലാറ്റ്‌ഫോമിൻ്റെ അരികിൽ നിന്നുകൊണ്ട് ഒരു കൊച്ചുകുട്ടി ട്രാക്കിലേക്ക് മൂത്രമൊഴിക്കുന്നതും, കുട്ടി താഴെ വീഴാതിരിക്കാൻ പിതാവ് കൈയിൽ പിടിച്ചുനിൽക്കുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. ഈ സമയം സംഭവം കണ്ടുനിന്ന ചില യാത്രക്കാർ ഇത് ചോദ്യം ചെയ്യുകയും ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തുകയും ചെയ്തു. പിതാവിൻ്റെ പ്രവൃത്തി 'സംസ്കാരശൂന്യമാണ്' എന്ന് വീഡിയോ പകർത്തിയവർ വിളിച്ചുപറയുന്നതും കേൾക്കാം. അപ്രതീക്ഷിതമായി ആളുകൾ ചോദ്യം ചെയ്തപ്പോൾ ആശങ്കയോടെ നിൽക്കുന്ന പിതാവിനെയും മകനെയും വീഡിയോയിൽ കാണാം. സമീപത്തെ കസേരയിൽ ഒരു കൈക്കുഞ്ഞുമായി ഇരിക്കുന്ന അമ്മ ഭയത്തോടെ ഇതെല്ലാം നോക്കുന്നതും ദൃശ്യങ്ങളിലുണ്ട്.

ഈ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെ നിരവധി പേരാണ് വിമർശനവുമായി രംഗത്തെത്തിയത്. പൊതുസ്ഥലം മലിനമാക്കുന്ന ഇത്തരം പ്രവൃത്തികൾക്ക് കർശന ശിക്ഷ നൽകണമെന്നും ഡൽഹി മെട്രോ അധികൃതർ ഇവർക്ക് പിഴ ചുമത്തണമെന്നും പലരും ആവശ്യപ്പെട്ടു. തെറ്റാണെന്ന് അറിഞ്ഞിട്ടും കുട്ടിയെ അതിന് പ്രേരിപ്പിച്ച പിതാവാണ് യഥാർത്ഥ കുറ്റവാളിയെന്നും ചിലർ അഭിപ്രായപ്പെട്ടു.

അതേസമയം, ഒരു കൊച്ചുകുട്ടിയുടെയും കുടുംബത്തിൻ്റെയും മുന്നിൽവെച്ച് നടത്തിയ 'ആൾക്കൂട്ട വിചാരണ' ശരിയായില്ലെന്നും വിമർശനമുണ്ട്. പിതാവ് ചെയ്തതിനേക്കാൾ വലിയ തെറ്റാണ് പരസ്യമായി അവരെ അപമാനിക്കാൻ ശ്രമിച്ചതെന്നും ഒരു വിഭാഗം വാദിക്കുന്നു. ഈ സംഭവം പൊതുസ്ഥലത്തെ ശുചിത്വത്തെക്കുറിച്ചും ഇത്തരം സാഹചര്യങ്ങളിൽ ആളുകൾ പ്രതികരിക്കേണ്ട രീതിയെക്കുറിച്ചുമുള്ള ഗൗരവമായ സംവാദങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്.