ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനത്ത് തെരുവുനായകളെ പിടികൂടി ഷെല്‍ട്ടറിലാക്കണമെന്ന രണ്ടംഗ ബെഞ്ചിന്റെ ഉത്തരവിനെതിരായ ഹര്‍ജികളില്‍ സുപ്രീംകോടതിയുടെ മൂന്നംഗ ബെഞ്ച് ഇന്ന് വിധി പറയും. നായകളെ നഗരപരിധിക്ക് പുറത്തേക്ക് മാറ്റണമെന്ന നിര്‍ദേശത്തിനെതിരെ വ്യാപകമായ എതിര്‍പ്പുകള്‍ ഉയര്‍ന്നതിനെ തുടര്‍ന്നാണ് ചീഫ് ജസ്റ്റിസ് ബി.ആര്‍. ഗവായ് വിഷയം മൂന്നംഗ ബെഞ്ചിനുവിട്ടത്.

ഓഗസ്റ്റ് 11-ന് പുറപ്പെടുവിച്ച ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ആവശ്യവുമായി സമര്‍പ്പിച്ച ഹര്‍ജികള്‍ 14-ാം തീയതി മൂന്നംഗ ബെഞ്ച് കേട്ടിരുന്നു. ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മെഹ്ത, എന്‍.വി. അഞ്ജാരിയ എന്നിവരാണ് ബെഞ്ചില്‍ അംഗങ്ങള്‍.

ഇതിനിടെ, തെരുവുനായകളെ പിടികൂടുന്നതുമായി ബന്ധപ്പെട്ട് ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ പുറപ്പെടുവിച്ച വിജ്ഞാപനത്തിനെതിരെ സമര്‍പ്പിച്ച ഹര്‍ജിയെ അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യവും സുപ്രീംകോടതി തള്ളി. വിഷയത്തില്‍ വിധി പുറപ്പെടുവിക്കാന്‍ തീരുമാനമായ സാഹചര്യത്തില്‍ ഹര്‍ജി പ്രത്യേകമായി കേള്‍ക്കാന്‍ കോടതി തയ്യാറായില്ല.