ചെന്നൈ: മുൻ ഭാര്യയുടെ വീട്ടിൽ അതിക്രമിച്ചുകയറി വീട്ടുജോലിക്കാരനെ മർദ്ദിച്ചെന്ന പരാതിയിന്മേൽ തമിഴ്‌നാട് മുൻ സ്‌പെഷ്യൽ ഡി.ജി.പി രാജേഷ് ദാസ് അറസ്റ്റിൽ. അടുത്തിടെ വനിതാ എസ്‌പിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ രാജേഷ് ദാസിനെ വിഴുപ്പുറം ജില്ല കോടതി മൂന്നു വർഷം തടവിന് ശിക്ഷിച്ചിരുന്നു. പിന്നീട് മദ്രാസ് ഹൈക്കോടതിയും വിധി ശരിവെച്ചു.

ഇതേ തുടർന്ന് രാജേഷ് ദാസ് നൽകിയ ഹരജിയിൽ സുപ്രീം കോടതി അറസ്റ്റിന് ഇടക്കാല സ്റ്റേ അനുവദിച്ചിരുന്നു. ഭർത്താവ് ലൈംഗികാരോപണത്തിൽ കുടുങ്ങിയതോടെ തമിഴ്‌നാട് സർക്കാറിന്റെ നിലവിലെ ഊർജ സെക്രട്ടറിയായ ഭാര്യ ബീല വേർപിരിഞ്ഞു.

ബീല രാജേഷ് എന്ന പേരിന് പകരം പിതാവിന്റെ പേര് ചേർത്ത് ബീല വെങ്കിടേശൻ എന്നാക്കി മാറ്റി. ചെങ്കൽപട്ട് ജില്ലയിലെ തയ്യൂരിൽ രാജേഷ് ദാസും ബീലയും ഭാര്യാഭർത്താക്കന്മാരായി ജീവിക്കുമ്പോൾ ഒരു ബംഗ്ലാവ് വീട് വാങ്ങിയിരുന്നു. ഇരുവരും വേർപിരിഞ്ഞതോടെ വീട് ബീല വെങ്കിടേശൻ നിയോഗിച്ച കാവൽക്കാരന്റെ നിയന്ത്രണത്തിലായിരുന്നു.

ഇതിനിടെ, ഏപ്രിൽ 18ന് തയ്യൂരിലെ വീട്ടിലെത്തി സെക്യൂരിറ്റി ജീവനക്കാരനെ അടിച്ചോടിക്കുകയായിരുന്നു രാജേഷ് ദാസ്. പിന്നാലെ രാജേഷ് ദാസും മറ്റുചിലരും വീട്ടിൽ താമസമാരംഭിക്കുകയും ചെയ്തു. സംഭവത്തിൽ ബീല വെങ്കിടേശൻ കേളമ്പാക്കം പൊലീസിൽ പരാതി നൽകുകയും ഇതിന്റെ അടിസ്ഥാനത്തിൽ രാജേഷ് ദാസ് അറസ്റ്റിലാവുകയുമായിരുന്നു.

രാജേഷ് ദാസിന്റെ വീട്ടിലേക്കുള്ള വൈദ്യുതി ബീല വെങ്കിടേശൻ വിച്ഛേദിച്ചുവെന്ന വാർത്ത കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ബീല അധികാര ദുർവിനിയോഗം നടത്തുകയാണെന്ന് ആരോപിച്ച് രാജേഷ് ദാസ് രംഗത്തെത്തിയെങ്കിലും വീടിരിക്കുന്ന ഭൂമിയും വൈദ്യുതി കണക്ഷനും തന്റെ പേരിലാണെന്ന് അവർ പ്രതികരിച്ചു. അനാവശ്യമായി പണം ചെലവാക്കാൻ ആഗ്രഹിക്കാത്തതിനാലാണ് വൈദ്യുതി വിച്ഛേദിച്ചതെന്നും ബീല വ്യക്തമാക്കിയിരുന്നു.രാജേഷ് ദാസ് ആ വീട്ടിൽ താമസിക്കുന്നതിന്റെ തെളിവ് സമർപ്പിക്കാൻ മതിയായ സമയം നൽകിയെങ്കിലും പ്രതികരിക്കാതിരുന്നതിനാലാണ് നടപടി. വീട് നിർമ്മിക്കാൻ ഇരുവരും ചേർന്നാണ് വായ്പയെടുത്തതെന്നും ബീല പറഞ്ഞു.