ന്യൂഡല്‍ഹി: ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കുഴഞ്ഞുവീണു മരിച്ച 69-കാരന്റെ വജ്രമോതിരം കാണാതായതായി കുടുംബം പരാതിപ്പെട്ടു. ജനുവരി 4ന് പുലര്‍ച്ചെയായിരുന്നു സംഭവം. രാജസ്ഥാന്‍ സ്വദേശിയായ യാത്രക്കാരന്‍ വിമാനത്താവളത്തിലെ മൂന്നാം നമ്പര്‍ ടെര്‍മിനലില്‍ വെച്ച് കുഴഞ്ഞുവീണതിനെത്തുടര്‍ന്ന് നടത്തിയ ജീവന്‍രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കിടയിലെ ബഹളത്തിനിടയില്‍ അഞ്ചു കാരറ്റ് വരുന്ന വജ്രമോതിരം നഷ്ടപ്പെട്ടുവെന്നാണ് കുടുംബത്തിന്റെ ആരോപണം.

അസര്‍ബൈജാനിലെ ബാക്കുവിലേക്ക് ഒരു സംഘത്തിനൊപ്പം വിനോദയാത്രയ്ക്ക് പോകുന്നതിനായി വിമാനത്താവളത്തില്‍ എത്തിയതായിരുന്നു ഇദ്ദേഹം. പുലര്‍ച്ചെ നാല് മണിയോടെ ഡിപ്പാര്‍ച്ചര്‍ ഏരിയയില്‍ വെച്ച് പെട്ടെന്ന് ബോധരഹിതനായി വീഴുകയായിരുന്നു. ഉടന്‍ തന്നെ വിമാനത്താവള അധികൃതര്‍ മെഡിക്കല്‍ സംഘത്തെ വിവരമറിയിക്കുകയും അവര്‍ സ്ഥലത്തെത്തി സിപിആര്‍ ഉള്‍പ്പെടെയുള്ള പ്രാഥമിക ചികിത്സകള്‍ നല്‍കുകയും ചെയ്തു. തുടര്‍ന്ന് ഇദ്ദേഹത്തെ വിമാനത്താവളത്തിലെ മെഡിക്കല്‍ എമര്‍ജന്‍സി വിഭാഗത്തിലേക്ക് മാറ്റിയെങ്കിലും ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിക്കുകയായിരുന്നു.

മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയപ്പോഴാണ് ഇദ്ദേഹം ധരിച്ചിരുന്ന വജ്രമോതിരം നഷ്ടപ്പെട്ട വിവരം ശ്രദ്ധയില്‍പ്പെട്ടത്. കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ഡല്‍ഹി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിമാനത്താവളത്തിലെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പൊലീസ് പരിശോധന നടത്തിവരികയാണ്.