ബെലഗാവി: ഡിജിറ്റൽ ഡീറ്റോക്സുമായി കർണാടകയിലെ ബെലഗാവി ജില്ലയിലെ ഹലഗാ ഗ്രാമം. ദിവസവും രാത്രി ഏഴ് മുതൽ ഒമ്പത് വരെ മൊബൈൽ ഫോണുകളും ടെലിവിഷനുകളും സ്വിച്ച് ഓഫ് ചെയ്യണം. ഇതിനായി സൈറൺ മുഴങ്ങും. കുട്ടികളിലും മുതിർന്നവരിലുമുള്ള മൊബൈൽ ഉപയോഗം കുറച്ച് പഠനത്തിനും കുടുംബബന്ധങ്ങൾക്കും ഊന്നൽ നൽകുക എന്നതാണ് ഈ പുതിയ സംരംഭത്തിന്റെ പ്രധാന ലക്ഷ്യം.

രാത്രി 7 മണിക്ക് ആദ്യ സൈറൺ മുഴങ്ങുമ്പോൾ ഗ്രാമീണർ മൊബൈൽ ഫോണുകളും ടെലിവിഷനുകളും ഓഫ് ചെയ്യണം. തുടർന്ന് രണ്ട് മണിക്കൂറിന് ശേഷം, രാത്രി 9 മണിക്ക് മറ്റൊരു സൈറൺ മുഴങ്ങുന്നതോടെ ഡിജിറ്റൽ വിനോദങ്ങളിലേക്ക് മടങ്ങാം. പഞ്ചായത്ത് അധ്യക്ഷയും വാർഡ് പ്രതിനിധിയുമായ ലക്ഷ്മി ഗജപതിയുടെ നേതൃത്വത്തിലാണ് ഈ ഡിജിറ്റൽ ഡീറ്റോക്സിങ് പരിപാടിക്ക് രൂപം നൽകിയത്. ഗ്രാമവാസികളുമായി വിശദമായ ചർച്ചകൾ നടത്തിയ ശേഷമാണ് തീരുമാനം കൈക്കൊണ്ടത്. ഡിസംബർ 17-നാണ് ആദ്യത്തെ സൈറൺ മുഴക്കി ഈ ദൗത്യത്തിന് ഹലഗാ ഗ്രാമത്തിൽ തുടക്കം കുറിച്ചത്.

ഏകദേശം 8,500-ഓളം ആളുകളാണ് ഹലഗാ ഗ്രാമത്തിൽ താമസിക്കുന്നത്. ഇതിൽ ഏകദേശം 2,000 കുട്ടികളുണ്ടെന്നാണ് ഗ്രാമപഞ്ചായത്ത് ഉദ്യോഗസ്ഥരുടെ കണക്കുകൾ സൂചിപ്പിക്കുന്നത്. കുട്ടികളിലെ മൊബൈൽ അഡിക്ഷൻ കുറയ്ക്കുക, പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ പ്രേരിപ്പിക്കുക, മാതാപിതാക്കളുമായി കൂടുതൽ ആശയവിനിമയം നടത്താൻ അവസരമൊരുക്കുക എന്നിവയാണ് ഈ നീക്കത്തിന് പിന്നിലെ പ്രധാന ലക്ഷ്യങ്ങൾ. മഹാരാഷ്ട്രയിലെ മോഹിത്യാഞ്ചെ വാദ്ഗാവ് ഗ്രാമത്തിൽ സമാനമായ ഒരു സംരംഭം മുമ്പ് നടപ്പിലാക്കിയിരുന്നു. ഈ വിജയകരമായ മാതൃകയാണ് ഹലഗാ ഗ്രാമത്തിനും പ്രചോദനമായതെന്ന് റിപ്പോർട്ടുകൾ പറയുന്നു.