ഫറൂഖാബാദ്: ഉത്തർപ്രദേശിലെ ഫറൂഖാബാദിൽ പ്രളയബാധിതർക്ക് ഭക്ഷണം വിതരണം ചെയ്ത സംഭവത്തിൽ നാല് പേർക്കെതിരെ പോലീസ് കേസെടുത്തു. ജന്മാഷ്ടമി ദിനത്തിൽ വ്രതമനുഷ്ഠിക്കുന്നവർക്ക് നോൺ-വെജ് ഭക്ഷണം വിളമ്പിയതാണ് കേസിന് കാരണം. സംഭവത്തിൽ ഗ്രാമമുഖ്യൻ ഉൾപ്പെടെ മൂന്നുപേരെ അറസ്റ്റ് ചെയ്തതായും ഒരാൾ ഒളിവിലാണെന്നും പോലീസ് അറിയിച്ചു.

ശക്തമായ മഴയെത്തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് വിതരണം ചെയ്ത ബിരിയാണിയിൽ മാംസം ഉണ്ടായിരുന്നതായി ചില പ്രദേശവാസികൾ പരാതി ഉന്നയിച്ചിരുന്നു. ജന്മാഷ്ടമി പ്രമാണിച്ച് പലരും വ്രതത്തിലായിരുന്ന സമയത്താണ് നോൺ-വെജ് ഭക്ഷണം നൽകിയതെന്നാണ് പ്രധാന ആരോപണം. ബിരിയാണിയിൽ മാംസമുണ്ടെന്ന് ചൂണ്ടിക്കാണിച്ചവരെ ഗ്രാമമുഖ്യൻ അസഭ്യം പറഞ്ഞതായും പരാതിയുണ്ട്.

റായ്പൂർ ചിഹ്നാട്ട്പൂർ ഗ്രാമമുഖ്യൻ മുഹമ്മദ് ഷമി, സെയ്ഫ് അലി, താലിബ് അലി, മുഹമ്മദ് സമി എന്നിവർക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. വ്രതമനുഷ്ഠിക്കുന്നവരുടെ മതവികാരം വ്രണപ്പെടുത്തിയെന്നും വർഗീയ സ്പർദ്ധ വളർത്താൻ ശ്രമിച്ചെന്നും സമാധാനാന്തരീക്ഷം തകർക്കാൻ പ്രകോപനം സൃഷ്ടിച്ചെന്നും അനധികൃതമായി തടഞ്ഞുവെച്ചെന്നും എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.