ഭോപ്പാല്‍: വിവാഹ ശേഷം ഭാര്യയോ ഭര്‍ത്താവോ മറ്റ് വ്യക്തികളുമായി അശ്ലീല സംഭാഷണത്തില്‍ ഏര്‍പ്പെടാന്‍ പാടില്ലെന്നും ഇത്തരത്തില്‍ സംഭവിച്ചാല്‍ വിവാഹമോചനത്തിന് കാരണമാകുമെന്നും വിധിച്ച് മധ്യപ്രദേശ് ഹൈക്കോടതി. ഭാര്യ മറ്റൊരു പുരുഷനുമായി അശ്ലീല സംഭാഷണത്തില്‍ ഏര്‍പ്പെടുന്നത് ഒരു ഭര്‍ത്താവിനും സഹിക്കാന്‍ കഴിയാത്ത കാര്യമാണെന്നും കോടതി ചൂണ്ടിക്കാട്ടി. കുടുംബക്കോടതി അനുവദിച്ച വിവാഹ മോചന കേസില്‍ ഭാര്യ നല്‍കിയ അപ്പീല്‍ ഹൈക്കോടതി തള്ളുകയും ഭര്‍ത്താവിന് വിവാഹമോചനം അനുവദിക്കുകയും ചെയ്തു.

ജസ്റ്റിസ് വിവേക് റുസിയ, ജസ്റ്റിസ് ഗജേന്ദ്ര സിങ് എന്നിവരടങ്ങിയ ഹൈക്കോടതി ബെഞ്ചാണ് കേസ് പരിഗണിച്ചത്. വിവാഹ ശേഷം ഭാര്യയ്ക്കും ഭര്‍ത്താവിനും സുഹൃത്തുക്കളുമായി ഫോണില്‍ സംസാരിക്കാനും ചാറ്റ് ചെയ്യാനും സ്വാതന്ത്ര്യമുണ്ട് എന്നാല്‍ സംഭാഷണത്തിന്റെ നിലവാരം കൈവിടരുത്. മാന്യമായിട്ടുള്ള സംഭാഷണ രീതിയായിരിക്കണം. പ്രത്യേകിച്ച് എതിര്‍ ലിംഗത്തില്‍പ്പെട്ടവരാണെങ്കില്‍. ഇത് പങ്കാളിക്ക് എതിര്‍പ്പുണ്ടാകില്ല, കോടതി വ്യക്തമാക്കി.

ഇണകളില്‍ ഒരാള്‍ മറ്റേയാളുടെ എതിര്‍പ്പുകള്‍ വകവെക്കാതെ ഇത്തരം പ്രവൃത്തികള്‍ തുടര്‍ന്നാല്‍ അത് നിസംശയമായും മാനസിക ക്രൂരതയായി തന്നെ കണക്കാക്കാമെന്നും കോടതി പറഞ്ഞു.2018ലാണ് ഇരുവരും വിവാഹിതരാകുന്നത്. വിവാഹ ശേഷവും ഭാര്യ മുന്‍ കാമുകന്‍മാരുമായി മൊബൈലില്‍ സംസാരിക്കാറുണ്ടായിരുന്നു എന്നാണ് ഭര്‍ത്താവ് പരാതി നല്‍കിയത്. വാട്സ് ആപ്പ് സംഭാഷണങ്ങളില്‍ അശ്ലീല സ്വഭാവമുള്ളതായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

തനിക്ക് അത്തരമൊരു ബന്ധമില്ലെന്ന് പറഞ്ഞ് സ്ത്രീ അവകാശ വാദങ്ങള്‍ എല്ലാം തള്ളിക്കളഞ്ഞു. ഭര്‍ത്താവ് തന്റെ മൊബൈല്‍ ഫോണ്‍ ഹാക്ക് ചെയ്ത് രണ്ട് പുരുഷന്‍മാര്‍ക്ക് അത്തരം സന്ദേശങ്ങള്‍ അയച്ച് തനിക്കെതിരെ തെളിവ് സൃഷ്ടിക്കുകയായിരുന്നുവെന്ന് ഭാര്യ വാദിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല.

25 ലക്ഷം രൂപ സ്ത്രീധനം ആവശ്യപ്പെട്ടെന്നും ഇത്തരം പ്രവൃത്തികള്‍ തന്റെ സ്വകാര്യ ഹനിക്കുന്നതാണെന്നും ഭാര്യ വാദിച്ചു. മകള്‍ തന്റെ പുരുഷ സുഹൃത്തുക്കളുമായി സംസാരിക്കാറുണ്ടായിരുന്നുവെന്ന് സ്ത്രീയുടെ പിതാവും മൊഴി നല്‍കിയതോടെ കോടതി വിവാഹ മോചനം അംഗീകരിക്കുകയായിരുന്നു.