പഞ്ചകുല: കേന്ദ്ര സർക്കാർ പദ്ധതിയായ ആയുഷ്മാൻ ഭാരതിന്റെ ഉയർന്ന ഉദ്യോഗസ്ഥനെ കൈക്കൂലി വാങ്ങുന്നതിടയിൽ അഴിമതി വിരുദ്ധ ബ്യൂറോ കസ്റ്റഡിയിലെടുത്തു. രഹസ്യ വിവരത്തേ തുടർന്ന് പരിശോധിക്കാനെത്തിയ അന്വേഷണ സംഘം ഡോക്ടറുടെ പക്കൽ നിന്നും 1 കോടി രൂപ പിടികൂടി. വെള്ളിയാഴ്ചയാണ് ഹരിയാന അഴിമതി വിരുദ്ധ സ്ക്വാഡ് അംഗങ്ങൾ ആയുഷ്മാൻ ഭാരത് സ്കീം സിഇഒ ആയ ഡോക്ടർ രവി വിമലിനെ അറസ്റ്റ് ചെയ്തത്. കർണാലിൽ നിന്നുള്ള അഴിമതി വിരുദ്ധ ബ്യൂറോ അംഗങ്ങൾ പഞ്ചകുലയിലെ ഡോക്ടറുടെ വസതിയിൽ നടത്തിയ പരിശോധനയിലാണ് ഒരു കോടി രൂപ കണ്ടെത്തിയത്.

ആയുഷ്മാൻ ഭാരത് പദ്ധതിയിൽ നിന്ന് സസ്പെൻഡ് ചെയ്ത നടപടി പിൻവലിക്കാൻ 10 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടതായി കർണാലിലെ സ്വകാര്യ ആശുപത്രി ഉടമയിൽ നിന്ന് അഴിമതി വിരുദ്ധ ബ്യൂറോയുക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

വിലപേശലുകൾക്കൊടുവിൽ അഞ്ച് ലക്ഷം രൂപയ്ക്ക് ആശുപത്രിയുടെ സസ്പെൻഷൻ മാറ്റാമെന്ന് ധാരണയായി. ഈ തുക കൈപ്പറ്റുന്നതിനിടയിലാണ് അഴിമതി വിരുദ്ധ ബ്യൂറോ ഡോക്ടറെ കയ്യോടെ പിടികൂയത്. അമരാവതിയിലെ പഞ്ചകുലയിലെ വസതിയിൽ വച്ചായിരുന്നു പണം കൈപ്പറ്റൽ. ഇതിനിടെ അഴിമതി വിരുദ്ധ ബ്യൂറോ ഉദ്യോഗസ്ഥർ ഇവിടേക്ക് എത്തുകയായിരുന്നു.

രവിയുടെ വെളിപ്പെടുത്തലിൻ്റെ അടിസ്ഥാനത്തിലാണ് 1.02 കോടി രൂപ പിടിച്ചെടുത്തത്. ഈ വൻതുകയുടെ ഉറവിടം കണ്ടെത്താനും കേസിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് കണ്ടെത്താനും പ്രതികളെ അഴിമതി വിരുദ്ധ ബ്യൂറോ ചോദ്യം ചെയ്തുവരികയാണ്. സംഭവത്തിൽ ഒന്നിലധികം ആളുകൾക്ക് പങ്കുണ്ടാവാനുള്ള സാധ്യതയും പൊലീസ് തള്ളിയിട്ടില്ല.