- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പഞ്ചനക്ഷത്ര ഹോട്ടലിലേക്ക് പോകാൻ ടാക്സിയിൽ കയറിയ വിദേശ വനിത; 400 മീറ്റർ ദൂരത്തിന് വാങ്ങിയത് 18,000 രൂപ; സമൂഹമാധ്യമത്തിലെ പോസ്റ്റ് വൈറലായതോടെ ഡ്രൈവർക്ക് കിട്ടിയത് എട്ടിന്റെ പണി

മുംബൈ: വിദേശ സഞ്ചാരിയിൽ നിന്ന് അമിത ചാർജ് ഈടാക്കിയ ടാക്സി ഡ്രൈവർ ദേശ് രാജ് യാദവിനെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തു. ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കാനുള്ള നടപടികൾ ആരംഭിച്ചതായും പോലീസ് അറിയിച്ചു. 400 മീറ്റർ ദൂരത്തിന് 18,000 രൂപയാണ് ഇയാൾ ഈടാക്കിയത്. അമേരിക്കയിൽ നിന്ന് ജോലിയുടെ ഭാഗമായി മുംബൈയിലെത്തിയ അർജന്റീന അരിയാനോ എന്ന യുവതിയാണ് തട്ടിപ്പിനിരയായത്.
ഛത്രപതി ശിവജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് തൊട്ടടുത്തുള്ള ഒരു പഞ്ചനക്ഷത്ര ഹോട്ടലിലേക്ക് പോകാനാണ് ഡ്രൈവർ അമിത തുക ഈടാക്കിയത്. യാത്രക്കാരിയെ കബളിപ്പിക്കുക എന്ന ലക്ഷ്യത്തോടെ, ഡ്രൈവർ ഏകദേശം 20 മിനിറ്റോളം അന്ധേരിക്ക് ചുറ്റും കാറോടിക്കുകയും പിന്നീട് യാത്ര ആരംഭിച്ച സ്ഥലത്തിനടുത്തുള്ള ഹോട്ടലിൽ തന്നെ എത്തിക്കുകയുമായിരുന്നു.
തന്റെ ദുരനുഭവം യാത്രക്കാരി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ പോലീസ് സ്വമേധയാ കേസെടുക്കുകയും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുകയും ചെയ്തു. നിലവിൽ, ദേശ് രാജ് യാദവിന്റെ ഡ്രൈവിങ് ലൈസൻസ് റദ്ദാക്കുന്നതിനുള്ള നിയമനടപടികൾ പുരോഗമിക്കുകയാണ്.


