- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അസമില്‍ ഇന്ത്യ- ബംഗ്ലാദേശ് അതിര്‍ത്തിയില്‍ ഡ്രോണ്‍ കണ്ടെത്തി; ഡ്രോണ്‍ കണ്ടെത്തിയത് ശ്രീഭൂമിയിലെ ചാര്‍ബസാര്‍ ടൗണിന് സമീപം ഉപേക്ഷിക്കപ്പെട്ട നിലയില്‍; അന്വേഷണം തുടങ്ങി
അസമില്‍ ഇന്ത്യ- ബംഗ്ലാദേശ് അതിര്‍ത്തിയില്‍ ഡ്രോണ്‍ കണ്ടെത്തി
ദിസ്പൂര്‍: ഓപ്പറേഷന്‍ സിന്ദൂരിന്റെ പശ്ചാത്തലത്തില്‍ രാജ്യാതിര്‍ത്തികളില്‍ സുരക്ഷ ശക്തമാക്കുന്നതിനിടെ ഇന്ത്യ- ബംഗ്ലാദേശ് അതിര്‍ത്തിയില്‍ നിന്ന് ഡ്രോണ്‍ കണ്ടെത്തി. അസമിലെ അതിര്‍ത്തി പ്രദേശമായ ശ്രീഭൂമിയിലെ ചാര്‍ബസാര്‍ ടൗണിന് സമീപത്തുനിന്നാണ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ ഡ്രോണ്‍ കണ്ടെത്തിയത്. വയലിനു നടുക്കാണ് ഡ്രോണ്‍ കണ്ടെത്തിയത്. പ്രദേശവാസികള്‍ ഉടന്‍ തന്നെ വിവരം അധികൃതരെ അറിയിതോടെ പൊലീസ് ഉടന്‍ തന്നെ സ്ഥലത്തെത്തി പരിശോധന നടത്തുകയും ജനങ്ങളെ സമീപത്തുനിന്ന് മാറ്റുകയും ചെയ്തു.
തുടര്‍പരിശോധനകള്‍ക്കായി ഡ്രോണ്‍ ശ്രീഭൂമി പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. ബംഗ്ലാദേശ് അതിര്‍ത്തിക്ക് അപ്പുറത്തുനിന്നായിരിക്കാം ഡ്രോണ്‍ പറത്തിയതെന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഔദ്യോഗികവിരങ്ങള്‍ ലഭ്യമായിട്ടില്ലെങ്കിലും അതിര്‍ത്തി കടന്നുള്ള നിരീക്ഷണത്തിനോ മറ്റ് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കോ ഡ്രോണ്‍ ഉപയോഗിക്കാന്‍ സാധ്യതയുണ്ടെന്നും പൊലീസ് പറയുന്നുണ്ട്.
ശ്രീഭൂമി പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഡ്രോണിന്റെ ഘടകങ്ങള്‍, സോഫ്റ്റ്വെയര്‍, ഡാറ്റ എന്നിവ പരിശോധിക്കാന്‍ സാങ്കേതിക വിദഗ്ധരെ വിളിച്ചിട്ടുണ്ട്. ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന പേരില്‍ ഇന്ത്യ പാകിസ്ഥാനിലെ ഭീകരവാദ കേന്ദ്രങ്ങളിലേക്ക് മിസൈല്‍ ആക്രമണം നടത്തിയതിനുപിന്നാലെ അതിര്‍ത്തിയില്‍ ദുരൂഹസാഹചര്യത്തില്‍ ഡ്രോണ്‍ പ്രത്യക്ഷപ്പെട്ടത് ആശങ്കയുളവാക്കുന്നുണ്ട്.
സംഭവങ്ങള്‍ക്ക് പ്രത്യക്ഷത്തില്‍ ബന്ധമുള്ളതായി കണ്ടെത്തിയിട്ടില്ലെങ്കിലും അതിര്‍ത്തി മേഖലകളില്‍ സുരക്ഷ ശക്തമാക്കുന്ന സാഹചര്യത്തില്‍ ഡ്രോണ്‍ കണ്ടെത്തിയതിനെ ഗൗരവമായാണ് കാണുന്നതെന്ന് അധികൃതര്‍ പറഞ്ഞു. അതിര്‍ത്തിയില്‍ കൂടുതല്‍ പട്രോളിംഗും നിരീക്ഷണ പ്രവര്‍ത്തനങ്ങളും ആരംഭിച്ചിട്ടുണ്ട്.