ജയ്പൂർ: ദുബൈയിലേക്കുള്ള സ്പൈസ് ജെറ്റ് വിമാനം 14 മണിക്കൂർ വൈകിയ ശേഷം റദ്ദാക്കിയതിനെ തുടർന്ന് യാത്രക്കാർ ദുരിതത്തിലായി. ചൊവ്വാഴ്ച രാവിലെ 9.30ന് ജയ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പുറപ്പെടേണ്ടിയിരുന്ന എസ്.ജി-57 വിമാനമാണ് ഓപ്പറേഷണൽ കാരണങ്ങളാൽ വൈകുന്നേരത്തോടെ റദ്ദാക്കിയതായി അറിയിച്ചത്.

രാവിലെ മുതൽ വിമാനത്താവളത്തിൽ കാത്തിരുന്ന യാത്രക്കാർക്ക് വിമാനം റദ്ദാക്കിയ വിവരം വൈകിയാണ് ലഭിച്ചത്. ഇത് യാത്രക്കാർക്കിടയിൽ വലിയ പ്രതിഷേധത്തിന് ഇടയാക്കി. എയർലൈൻ അധികൃതർ ഭക്ഷണത്തിനോ താമസത്തിനോ യാതൊരു സൗകര്യവും ഒരുക്കിയില്ലെന്ന് യാത്രക്കാർ ആരോപിച്ചു. ടെർമിനൽ ഒന്നിൽ വെച്ച് നിരവധി യാത്രക്കാർ എയർലൈൻ ജീവനക്കാരെ തടയുകയും അടിയന്തര സൗകര്യങ്ങൾ ആവശ്യപ്പെടുകയും ചെയ്തു. എന്നിട്ടും യാതൊരു പരിഹാരവും ഉണ്ടായില്ല.

ഒരു ദിവസത്തെ മുഴുവൻ സമയം വിമാനത്താവളത്തിൽ ചെലവഴിക്കേണ്ടി വന്നുവെന്ന് യാത്രക്കാർ പരിഭവപ്പെട്ടു. വിമാനം റദ്ദാക്കിയ നടപടി യാത്രക്കാരുടെ യാത്രാ പദ്ധതികളെ കാര്യമായി ബാധിച്ചു. എയർലൈനിന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ അനാസ്ഥയാണ് ഇതിന് കാരണമെന്ന് ആരോപണമുയർന്നിട്ടുണ്ട്.