ദുബായ്: ദുബായ് ഡ്യൂട്ടിഫ്രീ മില്യനെയർ ആൻഡ് ഫൈനെസ്റ്റ് സർപ്രൈസ് നറുക്കെടുപ്പിൽ ഇന്ത്യക്കാരെ തേടി വീണ്ടും സമ്മാനം. ഇന്ത്യക്കാരനും യുഎഇ പൗരനുമാണ് സമ്മാനം ലഭിച്ചത്. ദുബായ് ഇന്റർനാഷണൽ എയർപോർട്ടിൽ നടന്ന നറുക്കെടുപ്പിൽ 10 ലക്ഷം ഡോളർ വീതമാണ് (ഏകദേശം 8.31 കോടി രൂപ) ഇരുവർക്കും സമ്മാനം അടിച്ചത്.

യുഎഇ പൗരനായ മുഹമ്മദ് അൽ ഷെഹി മാർച്ച് 10 ന് ഓൺലൈനിൽ വാങ്ങിയ 454 സീരീസ് 2637 ടിക്കറ്റാണ് സമ്മാനർഹമായത്. നറുക്കെടുപ്പിൽ 10 ലക്ഷം ഡോളർ അടിക്കുന്ന 14മത്തെ യുഎഇ പൗരനാണ് അൽ ഷെഹി. ഇന്ത്യക്കാരനായ മുഹമ്മദ് ജമാൽ ഇൽമിയയാണ് മറ്റൊരു കോടിപതി. സമ്മാനം അടിച്ചെങ്കിലും ഇരുവരെയും ബന്ധപ്പെടാൻ അധികൃതർക്ക് കഴിഞ്ഞിട്ടില്ല.

39 വർഷമായി അബുദാബിലുള്ള 60 കാരനായ ഇന്ത്യൻ വംശജനായ സുനിൽ നയ്യാർ 1 മില്യൺ ഡോളർ വിജയിയായിരുന്നു. ഫെബ്രുവരി 21 ന് ഓൺലൈനിൽ വാങ്ങിയ മില്ലേനിയം മില്യണയർ സീരീസ് 452 ൽ 0971 എന്ന ടിക്കറ്റ് നമ്പരിനായിരുന്നു സമ്മാനം. ഇൻഷുറൻസ് കമ്പനി സീനിയർ കൺസൾട്ടന്റായി പ്രവർത്തിക്കുന്ന സുനിൽ നയ്യാർ 15 വർഷമായി ദുബായ് ഡ്യൂട്ടി ഫ്രീയിൽ പങ്കെടുക്കുന്നു.

മറ്റൊരു നറുക്കെടുപ്പിൽ മലയാളിയായ ഷറഫുദീൻ മാടമ്പില്ലത്ത് ബിഎംഡബ്ല്യു ആർ18 ഒക്ടെയ്ൻ മോട്ടർബൈക്ക് നേടി. ഫെബ്രുവരി 26 ന് ഓൺലൈനിൽ വാങ്ങിയ ടിക്കറ്റിനാണ് സമ്മാനം അടിച്ചത്. നറുക്കെടുപ്പിൽ മറ്റൊരു യുഎഇ പൗരൻ അയൂബ് അലി അഹമ്മദ് അൽബസ്തകി മേഴ്‌സിഡീസ് ബെൻസ് എസ് 500 കാറും നേടി. 1999ലാണ് മിലേനിയം മില്യനെയർ പ്രമോഷൻ ആരംഭിച്ചത്.