ന്യൂഡൽഹി: ഡൽഹി മദ്യനയ കേസിൽ ഇ.ഡി പുതിയ കുറ്റപത്രം സമർപ്പിച്ചു. മുൻ മന്ത്രി മനീഷ് സിസോദിയ കൈക്കൂലി വാങ്ങിയെന്ന് കാണിച്ചാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. അനധികൃത ഫണ്ടുകൾ സ്വരൂപിക്കുന്നതിന് 2021-22 ഡൽഹി മദ്യ നയം കൊണ്ടുവന്നതെന്നന് പുതിയ കുറ്റപത്രത്തിൽ പറയുന്നു. കേസിലെ ഒരു പ്രതിയിൽനിന്ന് സിസോദിയ കൈക്കൂലി വാങ്ങിയെന്നും കുറ്റപത്രത്തിലുണ്ട്.

മദ്യ നയത്തിൽ തനിക്ക് അനുകൂലമായ മാറ്റങ്ങൾ വരുത്തിയതിന് അമിത് അറോറ, ദിനേശ് അറോറ വഴി മനീഷ് സിസോദിയക്ക് 2.2 കോടി രൂപ നൽകിയതായി ഇ.ഡി നേരത്തെ സമർപ്പിച്ച പ്രോസിക്യൂഷൻ പരാതിയിൽ പറഞ്ഞിരുന്നു.

കഴിഞ്ഞ ദിവസം മനീഷ് സിസോദിയക്ക് ഡൽഹി ഹൈക്കോടതി ജാമ്യം നിഷേധിച്ചിരുന്നു. മനീഷ് സിസോദിയക്കെതിരായ ആരോപണങ്ങൾ ഗൗരവമുള്ളതാണെന്ന് ചൂണ്ടിക്കാട്ടിയാണ് ജാമ്യം നിഷേധിച്ചത്. ജാമ്യം നിഷേധിച്ചതിനെതിരെ സുപ്രീംകോടതിയെ സമീപിക്കാനാണ് സിസോദിയയുടെ തീരുമാനം.

ഡൽഹി മദ്യനയം രൂപീകരിച്ചതിൽ ക്രമക്കേടുണ്ടെന്നും ഡൽഹിയിലെ മദ്യവിൽപന ചില ഗ്രൂപ്പുകൾക്ക് മാത്രം ലഭ്യമാകുന്ന തരത്തിൽ രൂപീകരിച്ചത് സിസോദിയയാണെന്നുമാണ് കേസ്. ഫെബ്രുവരി 26ന് സിബിഐ ആണ് അദ്ദേഹത്തെ ആദ്യം അറസ്റ്റ് ചെയ്തത്. പിന്നീട് ഇ.ഡി ചോദ്യം ചെയ്യുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു.