ന്യൂഡൽഹി: തെരഞ്ഞെടുപ്പു അടുത്തതോടെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പ്രതിപക്ഷ നേതാക്കളെ കൂട്ടത്തോടെ ലക്ഷ്യമിടുകയാണ്. കെജ്രിവാൾ അടക്കമുള്ളവർക്ക് തുടർച്ചയായി നോട്ടീസ് ലഭിക്കുകയും ചെയ്തു. ഇപ്പോൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് അയച്ചതിന് പിന്നാലെ കോൺഗ്രസിൽ നിന്ന് രാജിവെച്ച് പ്രമുഖ മോഡലും ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രിയുടെ മരുമകളുമായ അനുകൃതി ഗുസൈൻ റാവത്. അനുകൃതി ഉടൻ ബിജെപിയിൽ ചേരുമെന്നാണ് റിപോർട്ട്.

അനുകൃതിക്കും ഭർതൃപിതാവും മുൻ മന്ത്രിയുമായ ഹരാക് സിങ് റാവത്തിനും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് അയച്ചിരുന്നു. വന അനഴിമതിയുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ് അയച്ചത്. എന്നാൽ വ്യക്തിപരമായ കാരണങ്ങളാലാണ് പാർട്ടി വിടുന്നതെന്ന് അനുകൃതി ഇൻസ്റ്റഗ്രാമിലിട്ട കുറിപ്പിൽ വ്യക്തമാക്കുന്നു. കോർബറ്റ് ടൈഗർ റിസർവിൽ നടന്ന മരംമുറിയുമായി ബന്ധപ്പെട്ടാണ് ഇ.ഡി അന്വേഷണം നടക്കുന്നത്. കേസുമായി ബന്ധപ്പെട്ട് അനുകൃതിയുടെ സ്ഥാപനങ്ങളിൽ ഇ.ഡി റെയ്ഡ് നടത്തിയിരുന്നു.

29കാരിയായ അനുകൃതി 2017ലെ ഫെമിന മിസ് ഇന്ത്യ ഗ്രാന്റ് ഇന്റർനാഷണൽ ജേതാവാണ്. 2014ലെ മിസ് ഇന്ത്യ ഏഷ്യ പസഫിക് വേൾഡ് മത്സരത്തിലും കിരീടം നേടിയിരുന്നു. 2017ലെ ഫെമിന മിസ് ഇന്ത്യ ഉത്തരാഖണ്ഡുമായിരുന്നു അവർ. വിയറ്റ്നാമിലെ മിസ് ഗ്രാൻഡ് ഇന്റർനാഷണൽ മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ട്.