ഡൽഹി: തെലുഗ് സൂപ്പർ താരം നടൻ മഹേഷ് ബാബുവിനെ കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാൻ വിളിപ്പിച്ച് ഇഡി. ഏപ്രിൽ 28ന് ഇഡിക്ക് മുന്നിൽ ഹാജരാകാനാണ് നിർദേശം നൽകിയിരിക്കുന്നത്. ഹൈദരാബാദ് ആസ്ഥാനമായുള്ള സായ് സൂര്യ ഡെവലപ്പേഴ്‌സ്, സുരാന ഗ്രൂപ്പ് എന്നീ രണ്ട് റിയൽ എസ്റ്റേറ്റ് കമ്പനികൾ നടത്തിയ സാമ്പത്തിക ക്രമക്കേടിൽ ബന്ധമുണ്ടെന്ന് ആരോപിച്ചാണ് മഹേഷ് ബാബുവിന് ഇഡി നോട്ടീസ് അയച്ചിരിക്കുന്നത്.

ഈ റിയൽ ഏസ്റ്റേറ്റ് സ്ഥാപനങ്ങൾക്ക് പ്രമോഷൻ ചെയ്തിരുന്ന മഹേഷ് ബാബു 5.9 കോടി രൂപ കൈപ്പറ്റിയതായാണ് ഇഡി വ്യക്തമാക്കി. ഇതിൽ 2.5 കോടി പണമായും ബാക്കി 3.4 കോടി ചെക്ക് രൂപത്തിലും കൈപ്പറ്റിയെന്ന് ഇഡി ആരോപിക്കുന്നു. ഇതു കൂടാതെ ഏകദേശം 100 കോടി രൂപയുടെ അനധികൃത പണമിടപാടുകളും കുറ്റകരമായ രേഖകളും ഇഡി ഈ സ്ഥാപനങ്ങളിൽ നിന്നും പിടിച്ചെടുത്തിരുന്നു.

നടനെ വിശ്വസിച്ച് നിരവധി പേരാണ് ഈ സംരംഭത്തിന്റെ ഭാഗമായി വലിയ ഓഹരികൾ നിക്ഷേപിച്ച് പറ്റിക്കപ്പെട്ടത്. അനധികൃത ഭൂമി ലേഔട്ടുകൾ, ഒരേ ഭൂമി ഒന്നിൽ അധികം ആളുകൾക്ക് വിൽക്കൽ, ശരിയായ രേഖകളില്ലാതെ പണം കൈപ്പറ്റൽ, ഭൂമി രജിസ്ട്രേഷനെ കുറിച്ചുള്ള തെറ്റായ ഉറപ്പുകൾ എന്നിവയാണ് ഈ സ്ഥാപനങ്ങൾക്കെതിരെയുള്ള കുറ്റം.