ഇംഫാൽ: മണിപ്പൂരിൽ വസ്തുതാന്വേഷണ പഠനം നടത്തിയ എഡിറ്റേഴ്‌സ് ഗിൽഡ് മാധ്യമപ്രവർത്തകരുടെ അറസ്റ്റ് തടഞ്ഞ് സുപ്രീം കോടതിയുടെ ഇടപെടൽ. കേസിലെ തുടർനടപടികൾ സുപ്രീം കോടതി സ്റ്റേ ചെയ്യുകയും ചെയ്തു. മണിപ്പൂർ പൊലീസാണ് എഡിറ്റേഴ്‌സ് ഗിൽഡിന് വേണ്ടി വസ്തുതാന്വേഷണ റിപ്പോർട്ട് തയ്യാറാക്കിയ നാല് മാധ്യമപ്രവർത്തകർക്കെതിരെ കേസെടുത്തത്.

മതവിഭാഗങ്ങൾക്കിടയിൽ ശത്രുത വളർത്തൽ അടക്കമുള്ള കുറ്റകൃത്യങ്ങളായിരുന്നു മാധ്യമപ്രവർത്തരുടെ മേലിൽ ചുമത്തിയിരുന്നത്. സൈന്യത്തിന്റെ ആവശ്യപ്രകാരമാണ് എഡിറ്റേഴ്‌സ് ഗിൽഡ് റിപ്പോർട്ട് തയ്യാറാക്കിയത്. മണിപ്പൂർ കലാപത്തിൽ മാധ്യമങ്ങളുടെ പങ്കിനെ കുറിച്ചായിരുന്നു പ്രധാനമായും എഡിറ്റേഴ്‌സ് ഗിൽഡിന്റെ റിപ്പോർട്ടിൽ പരാമർശിച്ചിരുന്നത്.

ഈ കേസിൽ രണ്ടാഴ്ചക്കകം സത്യവാങ്മൂലം നൽകാൻ മണിപ്പൂർ സർക്കാരിനോട് ആവശ്യപ്പെട്ടു. അതിന് ശേഷമായിരിക്കും ഈ കേസ് നിലനിൽക്കുമോ ഇല്ലയോ എന്നും ഡൽഹി കോടതിയിലേക്ക് മാറ്റുന്നതിനെ കുറിച്ചുമൊക്കെ തീരുമാനമെടുക്കുന്നത്. മണിപ്പുർ കലാപത്തോടുള്ള മാധ്യമങ്ങളുടെ സമീപനത്തെ കുറിച്ച് റിപ്പോർട്ട് തയ്യാറാക്കിയ എഡിറ്റേഴ്‌സ് ഗിൽഡ് വസ്തുതാന്വേഷണ സംഘാംഗങ്ങൾക്ക് എതിരെയും പ്രസിഡന്റ് സീമാ മുസ്തഫയ്‌ക്കെതിരെയുമാണ് പൊലീസ് കേസെുത്തിരുന്നത്.

ഇന്ത്യൻ വുമൺ പ്രസ് കോപ്‌സ്, പ്രസ് ക്ലബ് ഓഫ് മുംബൈ, ഡൽഹി യൂണിയൻ ഓഫ് ജേർണലിസ്റ്റ്‌സ്, പ്രസ് ക്ലബ് ഓഫ് മുംബൈ തുടങ്ങിയ മാധ്യമപ്രവർത്തക സംഘടനകളും മണിപ്പുർ പൊലീസിന്റെ നടപടിയ്‌ക്കെതിരായി രംഗത്തുവന്നു. ഭരണഘടനാ വിരുദ്ധമാണെന്ന് നിരീക്ഷിച്ച് സുപ്രീംകോടതി റദ്ദാക്കിയ ഐടി നിയമത്തിലെ 66എ വകുപ്പടക്കം ചുമത്തിയാണ് ഇംഫാൽ വെസ്റ്റ് പൊലീസ് കേസെടുത്തത്. ഈ വകുപ്പനുസരിച്ച് എവിടെയും നിയമനടപടി അരുതെന്ന് സുപ്രീംകോടതി സംസ്ഥാനങ്ങൾക്ക് കഴിഞ്ഞ വർഷം കർശന നിർദ്ദേശം നൽകിയിരുന്നു.

സമുദായങ്ങൾക്കിടയിൽ ശത്രുത വളർത്തൽ (ഐപിസി 153 എ), തെറ്റായ വിവരം ശരിയെന്ന് പ്രചരിപ്പിക്കൽ, മതവികാരം വ്രണപ്പെടുത്തൽ തുടങ്ങിയ വകുപ്പുകളും ചുമത്തിയിട്ടുണ്ട്. എൻ ശരത് സിങ് എന്നയാളുടെ പരാതിയിലാണ് കേസെടുത്തത്.