മുംബൈ: കനത്ത മഴയിൽ ദുരന്തം ബാധിച്ച മഹാരാഷ്ട്രയിലെ മറാത്ത് വാഡ മേഖലയിലെ ദുരിതബാധിതർക്കായി ധനസഹായം പ്രഖ്യാപിച്ച് മഹാരാഷ്ട്ര സർക്കാർ. കഴിഞ്ഞ നാലു ദിവസമായി തുടരുന്ന അതിശക്തമായ മഴയിൽ എട്ടുപേർ മരണപ്പെട്ടു. 750-ൽ അധികം വീടുകൾക്കും 33,000 ഹെക്ടർ കൃഷിഭൂമിക്കും നാശനഷ്ടം സംഭവിച്ചു. ലക്ഷക്കണക്കിന് കർഷകർക്ക് കൃഷിനാശം സംഭവിച്ചതിനെ തുടർന്ന് 2215 കോടി രൂപയുടെ ദുരിതാശ്വാസ പാക്കേജ് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചു.

ദുരിതാശ്വാസത്തിനായി അജിത് പവാറിന്റെ നേതൃത്വത്തിലുള്ള നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻ‌സി‌പി)യിലെ 4 മന്ത്രിമാർ, നിയമസഭാംഗങ്ങൾ, എംപിമാർ എന്നിവർ തങ്ങളുടെ ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യും. പ്രളയത്തിൽ കൃഷിഭൂമി നഷ്ടപ്പെട്ട 31,64,000 കർഷകർക്കാണ് സർക്കാർ സഹായം നൽകുന്നത്.

മറാത്ത്‌വാഡയിൽ മാത്രം 5,55,410 ഏക്കർ കൃഷിഭൂമി വെള്ളത്തിനടിയിലായി. അധിക ഫണ്ടുകൾ പിന്നീട് അനുവദിക്കുമെന്നും സർക്കാർ അറിയിച്ചിട്ടുണ്ട്. വെള്ളപ്പൊക്കത്തിൽ ഒറ്റപ്പെട്ട പ്രദേശങ്ങളിൽപ്പെട്ടവരെ രക്ഷിക്കാനായി ഹെലികോപ്റ്ററുകളും ബോട്ടുകളും രക്ഷാപ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചു. ദേശീയ ദുരന്ത നിവാരണ സേന ഏകദേശം 200 ഓളം ആളുകളെ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു.

കഴിഞ്ഞ നാലു ദിവസത്തിനിടെ മറാത്ത് വാഡയിൽ 975.05 മില്ലിമീറ്റർ മഴയാണ് രേഖപ്പെടുത്തിയത്. ലാത്തൂർ ജില്ലയിൽ മൂന്നുപേരും ബീഡ് ജില്ലയിൽ രണ്ടുപേരും സംബാജി നഗർ, നാന്ദഡ്, ധരശിവ് എന്നിവിടങ്ങളിൽ ഓരോരുത്തരുമായാണ് മരണങ്ങൾ റിപ്പോർട്ട് ചെയ്തത്. മിന്നലേറ്റും ശക്തമായ ഒഴുക്കിൽപ്പെട്ടും ആണ് മരണങ്ങൾ സംഭവിച്ചത്.

നിരവധി സ്കൂളുകൾ, റോഡുകൾ, പാലങ്ങൾ എന്നിവക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ദുരിതബാധിതർക്കായി അടിയന്തര സഹായ പദ്ധതി പ്രഖ്യാപിക്കുമെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് അറിയിച്ചു. ദുരന്തത്തിൽ 150 ഓളം കന്നുകാലികളും ചത്തതായി റിപ്പോർട്ടുണ്ട്. കർഷകർക്ക് താങ്ങും തണലുമാവുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ പറഞ്ഞു.