ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പ്; സീറ്റ് നിഷേധിച്ചതില്‍ അതൃപ്തി ബിജെപി എംഎല്‍എ പാര്‍ട്ടി വിട്ടു; കോണ്‍ഗ്രസിന് കോളടിക്കുമോ?
ഹരിയാനയില്‍ ബിജെപിയ്ക്ക് വിമത പേടി
- Share
- Tweet
- Telegram
- LinkedIniiiii
ന്യൂഡല്‍ഹി: വരാനിരിക്കുന്ന ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതിന് പിന്നാലെ ബിജെപി എംഎല്‍എ പാര്‍ട്ടി വിട്ടു. റതിയാ നിയമസഭാ മണ്ഡലത്തിലെ എംഎല്‍എ ആയ ലക്ഷ്മണ്‍ ദാസ് നാപയാണ് ബിജെപിയില്‍ നിന്ന് രാജിവെച്ചത്. ഹരിയാനയില്‍ ഒക്ടോബര്‍ അഞ്ചിന് ഒറ്റഘട്ടമായി തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ബി.ജെ.പി ക്ക് തിരിച്ചടിയായി എം.എല്‍.എ യുടെ രാജി.
ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള 67 സ്ഥാനാര്‍ഥികളുടെ പട്ടിക ബിജെപി പുറത്തുവിട്ടതിന് പിന്നാലെയായിരുന്നു രാജി. സീറ്റ് ലഭിക്കാത്തതിലുണ്ടായ അതൃപ്തിയാണ് രാജിയിലേക്ക് നയിച്ചതെന്ന് വ്യക്തം. സിര്‍സ മുന്‍ എംപി സുനിത ദഗ്ഗലിനെയാണ് ലക്ഷ്മണ്‍ ദാസിന്റെ സിറ്റിങ് സീറ്റില്‍ ബിജെപി പകരക്കാരനായി മത്സരിപ്പിക്കുന്നത്.
രാജിക്ക് ശേഷം മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഭൂപീന്ദര്‍ ഹൂഡയുമായി ലക്ഷ്മണ്‍ ദാസ് കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതോടെ അദ്ദേഹം കോണ്‍ഗ്രസില്‍ ചേരുമെന്ന അഭ്യൂഹങ്ങള്‍ ശക്തമാണ്. കോണ്‍ഗ്രസില്‍ ചേര്‍ന്നാല്‍ അടുത്ത നിയമസഭാ തിരെഞ്ഞെടുപ്പില്‍ സീറ്റ് ലഭിക്കാനുള്ള സാധ്യതകളും തള്ളിക്കളയാനാവില്ല.
അതേസമയം സുനിത ദഗ്ഗലിന് ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി സീറ്റ് നിഷേധിച്ചിരുന്നു. സിര്‍സയില്‍ സിറ്റിങ് എംപിയായിരുന്ന ദഗ്ഗലിനെ ലോക്സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് പാര്‍ട്ടിയില്‍ ചേര്‍ന്ന മുന്‍ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ അശോക് തന്‍വാറിന് വേണ്ടിയാണ് ബിജെപി മാറ്റിനിര്‍ത്തിയത്. എന്നാല്‍, അശോക് തന്‍വാര്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയോട് പരാജയപ്പെട്ടത് ബി.ജെ.പിക്ക് വലിയ തിരിച്ചടിയായിരുന്നു.
67 സ്ഥാനാര്‍ത്ഥികളുടെ ആദ്യ പട്ടിക ബിജെപി ബുധനാഴ്ച പുറത്തിറക്കി. കുരുക്ഷേത്ര ജില്ലയിലെ ലാഡ്വയില്‍ നിന്ന് മുഖ്യമന്ത്രി നയാബ് സിംഗ് സൈനിയെ മത്സരിപ്പിക്കുന്നത്. എട്ട് വനിതകളും സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇടംപിടിച്ചു. ബിജെപിയുടെ 41 എംഎല്‍എമാരില്‍ പകുതിയിലധികം പേരും വീണ്ടും മത്സരത്തിനിറങ്ങുന്ന പ്രത്യേകത കൂടിയുണ്ട്.
67 സ്ഥാനാര്‍ത്ഥികളുടെ പട്ടികയാണ് ആദ്യ ഘട്ടത്തില്‍ പുറത്തിറക്കിയതെന്നും, എല്ലാ മുതിര്‍ന്ന സ്ഥാനാര്‍ത്ഥികള്‍ക്കും സീറ്റുകള്‍ അനുവദിച്ചിട്ടുണ്ട്. സെപ്തംബര്‍ 12 വരെ നോമിനേഷനുകള്‍ തുടരുമെന്ന് ബാക്കിയുള്ള സ്ഥാനാര്‍ത്ഥികളെ അടുത്ത ഘട്ടങ്ങളിലായി തീരുമാനിക്കുമെന്നും കേന്ദ്രമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ പറഞ്ഞു. സെപ്റ്റംബര്‍ 12 വരെ സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാം. പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി സെപ്റ്റംബര്‍ 16 ആണ്. ഹരിയാനയില്‍ ഒക്ടോബര്‍ അഞ്ചിന് ഒറ്റഘട്ടമായി തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഒക്ടോബര്‍ എട്ടിന് വോട്ടെണ്ണല്‍ നടക്കും.