ന്യൂഡൽഹി: ഇലക്ടറൽ ബോണ്ട് വിശദാംശങ്ങൾ നൽകാൻ മൂന്നരമാസംകൂടി അധിക സമയം വേണമെന്ന എസ്‌ബിഐയുടെ ആവശ്യം വിശ്വാസയോഗ്യമല്ലെന്ന് സുപ്രീംകോടതി മുൻ ജഡ്ജി ജസ്റ്റിസ് ദീപക് ഗുപ്ത. ഇലക്ടറൽ ബോണ്ട് പദ്ധതി വിശദാംശങ്ങൾ ശേഖരിച്ച് സൂക്ഷിക്കാൻ 2019ൽ എസ്‌ബിഐയോട് കേസ് പരിഗണിച്ച തന്റെ ബെഞ്ച് ആവശ്യപ്പെട്ടിരുന്നു. ഉത്തരവുള്ളതിനാൽ ആ വിവരങ്ങൾ ശേഖരിച്ചുവയ്ക്കാൻ അവർ നിർബന്ധിതരാണ്. ഏതാനും മണിക്കൂറുകളോ ദിവസങ്ങളോ മതിയാകും എസ്‌ബിഐക്ക് വിവരങ്ങൾ കൈമാറാൻ. എന്നിരിക്കെ, ജൂൺ 30 വരെ സമയം ആവശ്യപ്പെട്ടത് ദുരൂഹമാണെന്ന് ദ വയറിനുവേണ്ടി കരൺ ഥാപ്പറിന് നൽകിയ അഭിമുഖത്തിൽ ജസ്റ്റിസ് ദീപക് ഗുപ്ത പറഞ്ഞു.

ഇലക്ടറൽ ബോണ്ടുമായി ബന്ധപ്പെട്ട് 44,434 സെറ്റ് വിവരമാണ് കൈവശമുള്ളതെന്ന് എസ്‌ബിഐതന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. ദിവസം എല്ലാ ബ്രാഞ്ചുകളിലുമായി 4.4 കോടി വിവരങ്ങൾ കൈകാര്യം ചെയ്യുന്ന എസ്‌ബിഐക്ക് ഇത്ര ചെറിയ സംഗതി കൈകാര്യം ചെയ്യാനാകില്ലെന്ന് പറയുന്നത് എന്തുകൊണ്ടാണെന്ന് മനസ്സിലാകുന്നില്ല. പൊതുതെരഞ്ഞെടുപ്പിന് അഞ്ചോ ആറോ ദിവസം മുമ്പെങ്കിലും ഇലക്ടറൽ ബോണ്ട് വിശദാംശങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കണമെന്നും ഗുപ്ത പറഞ്ഞു.