മുംബൈ: നടിയും സോഷ്യൽമീഡിയ ഇൻഫ്‌ളുവൻസറുമായ സപ്ന ഗില്ലിന്റെ പരാതിയിൽ ക്രിക്കറ്റ് താരം പൃഥ്വി ഷായ്‌ക്കെതിരെ അന്വേഷണം നടത്താൻ ഉത്തരവിട്ട് കോടതി. മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് കോടതിയാണ് അന്വേഷണം നടത്താൻ പൊലീസിന് നിർദ്ദേശം നൽകിയത്. അന്ധേരിയിലുള്ള പബ്ബിൽ വച്ച് പൃഥ്വി ഷായും സുഹൃത്തും ചേർന്ന് അപമാനിച്ചെന്നും പിടിച്ച് തള്ളിയെന്നും ആരോപിച്ചാണ് സപ്ന ഗിൽ പരാതി നൽകിയത്.

കഴിഞ്ഞ വർഷം ഫെബ്രുവരി 15നാണ് പരാതിക്ക് അടിസ്ഥാനമായ സംഭവം. പൃഥ്വി ഷായുമായി സെൽഫിയെടുക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കം കയ്യേറ്റത്തിൽ കലാശിക്കുകയായിരുന്നു. സപ്ന ഗില്ലും സുഹൃത്തുക്കളും ചേർന്ന് പൃഥ്വി ഷായെയും സുഹൃത്തിനെയും ആക്രമിച്ചെന്നും കാർ തല്ലിത്തകർത്തെന്നും ആരോപിച്ച് പൃഥ്വി പരാതി നൽകിയത്. തുടർന്ന് കേസിൽ സപ്ന അറസ്റ്റിലായെങ്കിലും ജാമ്യത്തിൽ പുറത്തിറങ്ങി. തുടർന്നാണ് പൃഥ്വി ഷായ്‌ക്കെതിരെ കോടതിയെ സമീപിച്ചത്.

സപ്നയുടെ പരാതിയിൽ പറഞ്ഞിരിക്കുന്നതുപോലെ ഒന്നും സംഭവിച്ചതായി തെളിവില്ലെന്നാണ് പൊലീസ് പറയുന്നത്. സിസിടിവി ദൃശ്യങ്ങളിലുൾപ്പെടെ പൃഥ്വി ഷാ യുവതിയെ ഉപദ്രവിക്കുന്നത് ഇല്ലെന്നും പബ് ജീവനക്കാരുടെ മൊഴിയും ക്രിക്കറ്റ് താരത്തിന് അനുകൂലമാണെന്നും പൊലീസ് അധികൃതർ പറഞ്ഞിരുന്നു.