- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തലച്ചോറിലെ അസുഖത്തെ തുടർന്ന് ആശുപത്രി കിടക്കയിലായി; ചികിത്സ എല്ലാം കഴിഞ്ഞ് ഡിസ്ചാർജ് ആകാനിരിക്കെ വിയോഗ വാർത്ത; റിയാദിൽ പ്രവാസി യുവാവ് മരിച്ചു

റിയാദ്: തലച്ചോറിലെ ശസ്ത്രക്രിയയെ തുടർന്ന് റിയാദിലെ ശുമൈസി കിങ് സൗദ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന തമിഴ്‌നാട് സ്വദേശി അബ്ദുൽ കരീം (30) ആശുപത്രി വിടാൻ ഒരുങ്ങവെ മരിച്ചു. കടുത്ത തലവേദനയെ തുടർന്ന് തലച്ചോറിൽ വെള്ളം കെട്ടിയതായി കണ്ടെത്തിയതിനെ തുടർന്നായിരുന്നു ശസ്ത്രക്രിയ.
ആരോഗ്യനില മെച്ചപ്പെട്ട് ശസ്ത്രക്രിയ കഴിഞ്ഞ് മൂന്നാം ദിവസം ഡിസ്ചാർജ് ചെയ്യാനിരിക്കെയായിരുന്നു അപ്രതീക്ഷിത മരണം സംഭവിച്ചത്. നാല് മാസം മുമ്പാണ് അബ്ദുൽ കരീം റിയാദ് ന്യൂ സനാഇയയിലെ ഒരു കാറ്ററിങ് കമ്പനിയിൽ അക്കൗണ്ടന്റായി ജോലിയിൽ പ്രവേശിച്ചത്.
തമിഴ്‌നാട്ടിലെ തെങ്കാശി കടയനല്ലൂർ സ്വദേശിയായ അബ്ദുൽ കരീമിന്റെ കുടുംബം വർഷങ്ങൾക്ക് മുമ്പ് മൂവാറ്റുപുഴയിൽ നിന്ന് തമിഴ്‌നാട്ടിലേക്ക് കുടിയേറിയതാണ്. പരേതനായ മീരാൻ മൊയ്തീന്റെ മകനാണ്. മാതാവ് റാബിയത് ബശീറ. ഭാര്യ ഫാത്തിമ ബീവി. മുഹമ്മദ് അബ്ബാസ്, മുസ്സമർ (7), ജുമാന മഹത്തിയ്യ (3), അമീറാ ആലിയ (4 മാസം) എന്നിവർ മക്കളാണ്. സയിദ് അബ്ദുറഹ്‌മാൻ, ഫാത്തിമ പർവീൻ എന്നിവരാണ് സഹോദരങ്ങൾ.
റിയാദ് നസീമിലെ ഹയ്യുൽ സലാം മഖ്‌ബറയിൽ മൃതദേഹം ഖബറടക്കി. നിയമനടപടികൾ പൂർത്തിയാക്കാൻ അബ്ദുൽ കരീമിന്റെ അമ്മാവൻ കബീർ മൂവാറ്റുപുഴ, സുഹൃത്ത് ഹസ്സൻ കോയ തങ്ങൾ പൊന്നാനി, സാമൂഹിക പ്രവർത്തകൻ തെന്നല മൊയ്തീൻ കുട്ടി എന്നിവർ നേതൃത്വം നൽകി. ആരോഗ്യനില മെച്ചപ്പെട്ടുവരുന്നതിനിടെയുണ്ടായ ഈ അപ്രതീക്ഷിത വിയോഗം പ്രവാസി സമൂഹത്തിൽ ദുഃഖമുണ്ടാക്കി.


