ബെംഗളൂരു: ഐടി സിറ്റിയിൽ ഒരു വാടകവീട് കണ്ടെത്തുക എന്നത് ഹിമാലയം കയറുന്നതിലും വലിയ കടമ്പയായി മാറുന്നു. കുതിച്ചുയരുന്ന വാടകയ്ക്കും സെക്യൂരിറ്റി ഡെപ്പോസിറ്റിനും പിന്നാലെ പാഞ്ഞ് വിയർക്കുന്ന ഒരു യുവതിയുടെ അനുഭവമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്. മൂന്ന് വർഷത്തിനിടെ തന്റെ മൂന്നാമത്തെ വീട് അന്വേഷിച്ചിറങ്ങിയ ഉപാസന എന്ന യുവതിക്ക് നേരിടേണ്ടി വന്നത് അവിശ്വസനീയമായ ആവശ്യങ്ങളാണ്.

വാടകവീടിനായി ഉടമസ്ഥനെ വിളിച്ച ഉപാസനയോട് സെക്യൂരിറ്റി ഡെപ്പോസിറ്റായി ആവശ്യപ്പെട്ടത് മൂന്ന് ലക്ഷം രൂപ! "3 ലക്ഷം രൂപയോ? തമാശ പറയുകയാണോ?" എന്ന ഉപാസനയുടെ മറുചോദ്യം നഗരത്തിലെ സാധാരണക്കാരുടെയെല്ലാം പ്രതിനിധിയായി മാറി. ഡെൽഹി ഉൾപ്പെടെയുള്ള വൻനഗരങ്ങളിൽ താമസിച്ചിട്ടുള്ള തനിക്ക് ഇത്രയും വലിയ തുക ഡെപ്പോസിറ്റായി നൽകേണ്ടി വരുന്നത് ചിന്തിക്കാൻ പോലും കഴിയില്ലെന്ന് യുവതി പറയുന്നു. വാടകയുടെ പത്തിരട്ടി തുക ഡെപ്പോസിറ്റ് വാങ്ങുന്ന വിചിത്രമായ രീതി ബെംഗളൂരുവിൽ മാത്രമാണുള്ളതെന്നും അവർ വീഡിയോയിൽ തുറന്നടിച്ചു.

പണം മാത്രമല്ല, വീടുകളുടെ ഗുണനിലവാരമില്ലായ്മയും ഉപാസന ചൂണ്ടിക്കാട്ടുന്നു. വിശാലമായ, സൂര്യപ്രകാശം ലഭിക്കുന്ന വീടുകൾ തേടി ഇറങ്ങുന്നവർക്ക് ലഭിക്കുന്നത് ലിഫ്റ്റ് പോലുമില്ലാത്ത കെട്ടിടങ്ങളിലെ ഇടുങ്ങിയ മുറികളാണ്. ഓൺലൈൻ സൈറ്റുകളിൽ 'കോസി' എന്ന് വിശേഷിപ്പിക്കുന്ന വീടുകൾ യഥാർത്ഥത്തിൽ കാലുകുത്താൻ പോലും ഇടമില്ലാത്തവയാണെന്ന് യുവതി പരിഹസിക്കുന്നു. ഈ മാസാവസാനത്തിനുള്ളിൽ പുതിയ വീട് കണ്ടെത്തണമെന്ന വെല്ലുവിളിയാണ് തനിക്ക് മുന്നിലുള്ളതെന്ന് യുവതി പങ്കുവെച്ച പോസ്റ്റിന് താഴെ നിരവധിപ്പേരാണ് സമാനമായ അനുഭവങ്ങളുമായി എത്തുന്നത്.