കൊൽക്കത്ത: പശ്ചിമബം​ഗാളിൽ കൽക്കരി ഖനിയിലുണ്ടായ സ്ഫോടനത്തിൽ ഏഴ് പേർ മരിച്ചു, നിരവധി പേർക്ക് പരിക്കേറ്റു. ഇന്ന് രാവിലെയാണ് ബിർഭൂം ജില്ലയിലെ ലോക്പൂർ മേഖലയിൽ അപകടമുണ്ടായത്. ബിർഭൂമിലെ ലോക്പൂർ ഏരിയയിൽ സ്ഥിതി ചെയ്യുന്ന ഗംഗാറാംചക് മൈനിംഗ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയിയുടെ ഉടമസ്ഥതയിലുള്ള കൽക്കരി ഖനിയിലാണ് അപകടമുണ്ടായത്. കൽക്കരി ഖനനത്തിനായി സ്‌ഫോടനം നടത്തുന്നതിനിടെയാണ് അപകടമുണ്ടായത്.

സ്‌ഫോടനത്തെത്തുടർന്ന് ഖനിയിലെ നിരവധി തൊഴിലാളികളും ഉദ്യോഗസ്ഥരും സുരക്ഷിത സ്ഥാനങ്ങളിലേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. സംഭവ വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി പരിക്കേറ്റവരെ അടുത്തുള്ള മെഡിക്കൽ സെൻ്ററിൽ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു.

രക്ഷാപ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കാൻ പ്രാദേശിക ബിജെപി എംഎൽഎയും സംഭവസ്ഥലത്തുണ്ട്. ദുരിതാശ്വാസ പ്രവർത്തനങ്ങളും രക്ഷാപ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്, മരിച്ചവരുടെ കുടുംബാംഗങ്ങളുമായി ബന്ധപ്പെടാനുള്ള ശ്രമത്തിലാണ് പോലീസ് .

നേരത്തെ, 2023 ജനുവരിയിൽ, പശ്ചിമ ബംഗാളിലെ കുൽതിയിൽ അനധികൃതമായി പ്രവർത്തിക്കുന്ന കൽക്കരി ഖനിയുടെ മേൽക്കൂര തകർന്നതിനെ തുടർന്ന് നിരവധി തൊഴിലാളികൾ കുടുങ്ങിയിരുന്നു. ഭാരത് കോക്കിംഗ് കൽക്കരി ലിമിറ്റഡിൻ്റെ (ബിസിസിഎൽ) ഖനിയാണ്അനധികൃതമായി കൽക്കരി ഖനനം ചെയ്തിരുന്നത്.