ഡല്‍ഹി: സൈനികരുമായി തിരുവനന്തപുരത്തേക്ക് പുറപ്പെട്ട പ്രത്യേക ട്രെയിൻ അട്ടിമറിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ വഴിത്തിരിവ്. കേസിൽ ഒരാൾ അറസ്റ്റിലായി എന്നാണ് ലഭിക്കുന്ന വിവരങ്ങൾ. മധ്യപ്രദേശില്‍ വച്ചാണ് സംഭവം നടന്നത്. ട്രെയിൻ സഞ്ചരിച്ചിരുന്ന പാതയില്‍ സ്‌ഫോടകവസ്തുക്കള്‍ കണ്ടെത്തിയ സംഭവത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. കേസിൽ റെയില്‍വേ ജീവനക്കാരനാണ് പിടിയിലായതെന്നാണ് ലഭിക്കുന്ന വിവരങ്ങൾ.

സെപ്റ്റംബര്‍ 18-നാണ് സൈനികര്‍ യാത്ര പുറപ്പെട്ടത്. പിന്നാലെ പ്രത്യേക ട്രെയിന്‍ കടന്നുപോകവെ ട്രാക്കില്‍ സ്‌ഫോടകവസ്തുക്കള്‍ കണ്ടെത്തുകയായിരിന്നു. തീവണ്ടി സഞ്ചരിക്കുന്ന പാതയില്‍, മധ്യപ്രദേശിലെ റത്‌ലം എന്ന ജില്ലയില്‍ പത്തുമീറ്റര്‍സ്ഥലത്ത് പത്തിടങ്ങളിലായി സ്‌ഫോടകവസ്തുക്കള്‍ വെച്ചതായാണ് കണ്ടെത്തിയിരുന്നത്.

സംഭവവുമായി ബന്ധപ്പെട്ട് റെയില്‍വേ, എന്‍.ഐ.എ, കരസേന, ഭീകരവിരുദ്ധ സ്‌ക്വാഡ് എന്നിവർ അന്വേഷണം നടത്തി വരുകയായിരിന്നു. ഈ അന്വേഷണം നടക്കവെയാണ് ഇപ്പോൾ ഒരാൾ അറസ്റ്റിലായിരിക്കുന്നത്. ഈ സംഭവത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടോ എന്ന കാര്യവും ഇപ്പോൾ അന്വേഷിച്ചുവരികയാണ്.

മധ്യപ്രദേശിലെ രത്ലം ജില്ലയിലെ റെയില്‍വേ ട്രാക്കിലാണ് സ്‌ഫോടക വസ്തുക്കള്‍ വെച്ചത്. ട്രെയിന്‍ കടന്നു പോയപ്പോള്‍ പടക്കങ്ങള്‍ക്ക് സമാനമായ സ്‌ഫോടക വസ്തുക്കള്‍ പൊട്ടുകയും ചെയ്തു. ആദ്യ സ്‌ഫോടനം കേട്ടപ്പോള്‍ തന്നെ ലോക്കോ പൈലറ്റ് ബ്രേക്കിട്ട് ട്രെയിന്‍ നിര്‍ത്തി. അതുകൊണ്ട് തന്നെ വലിയ ദുരന്തമാണ് ഒഴിവായത്. സപ്ഘാത - ഡോണ്‍ഘര്‍ഗാവ് സ്റ്റേഷനുകള്‍ക്കിടയിലെ റെയില്‍വേ ട്രാക്കില്‍ പത്ത് മീറ്ററിനിടയില്‍ പത്ത് സ്‌ഫോടക വസ്തുക്കള്‍ പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്.