ന്യൂഡൽഹി: ഉത്തർപ്രദേശിൽ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ക്രമക്കേട് ആരോപണം. ഉത്തർപ്രദേശിലെ ഫാറൂഖാബാദ് മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥിക്ക് എട്ടു തവണ വോട്ടു ചെയ്ത പതിനാറുകാരനാണ് അറസ്റ്റിലായത്. ബിജെപി പ്രവർത്തകനായ ഗ്രാമമുഖ്യന്റെ മകനാണ് പിടിയിലായത്. സംഭവത്തിൽ പോളിങ് ബൂത്തിലുണ്ടായിരുന്ന ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. ബൂത്തിൽ റീപോളിങ് നടത്തുമെന്നും യുപി മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ അറിയിച്ചു.

രാജൻ സിങ് എന്നയാളായിരുന്നു എട്ടു തവണ ബിജെപിക്ക് വോട്ട് ചെയ്തത്. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. രണ്ടു മിനിറ്റ് ദൈർഘ്യമുള്ള വിഡിയോയിൽ വോട്ടർ ഫാറൂഖാബാദ് ലോക്‌സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥി മുകേഷ് രാജ്പുത്തിനായി എട്ടു തവണ വോട്ടു ചെയ്യുന്നത് വ്യക്തമായിരുന്നു.

വിഡിയോ പുറത്ത് വന്നതിനു പിന്നാലെ സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് കോൺഗ്രസും സമാജ് വാദി പാർട്ടിയും രംഗത്ത് വന്നിരുന്നു. തിരഞ്ഞെടുപ്പ് കമ്മിഷൻ ഉറക്കണമുണരണമെന്നാണ് കോൺഗ്രസ് ആവശ്യപ്പെട്ടത്. ബിജെപിയുടെ ബൂത്ത് കമ്മിറ്റി കൊള്ളസംഘമായി എന്നും അഖിലേഷ് പ്രതികരിച്ചിരുന്നു.