- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൃതദേഹം വീട്ടിലേക്ക് ചുമന്നുകൊണ്ടുപോകുന്ന ബന്ധുക്കൾ; നടന്നത് ഏകദേശം രണ്ട് കിലോമീറ്ററോളം; നാട്ടുകാർ കാര്യം തിരക്കിയപ്പോൾ അറിയുന്നത് ആംബുലൻസ് ഡ്രൈവറുടെ ക്രൂരത

പാൽഘർ: മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിൽ ഞെട്ടിക്കുന്ന സംഭവം. റോഡ് ഗതാഗതയോഗ്യമല്ലെന്ന് പറഞ്ഞ് ആംബുലൻസ് ഡ്രൈവർ മൃതദേഹം പാതിവഴിയിൽ ഉപേക്ഷിച്ചതിനെത്തുടർന്ന്, മരിച്ചയാളുടെ ബന്ധുക്കൾക്ക് മൃതദേഹം തുണിയിൽ തീർത്ത സ്ട്രെച്ചറിൽ രണ്ട് കിലോമീറ്ററോളം ദൂരം ചുമന്ന് വീട്ടിലെത്തിക്കേണ്ടി വന്നു. സംഭവത്തിൽ ജില്ലാ കളക്ടർ അന്വേഷണത്തിന് ഉത്തരവിട്ടു.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് മനുഷ്യത്വരഹിതമായ സംഭവം അരങ്ങേറിയത്. ശ്വാസതടസ്സവും ആന്തരിക രക്തസ്രാവവും മൂലം വേദാന്ത മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ശൈലേഷ് മഗൻ വഗദാദ് എന്നയാൾ മരണപ്പെട്ടു. തുടർന്ന് ആശുപത്രിയിൽ നിന്നുതന്നെ വിളിച്ച് ആംബുലൻസിലാണ് മൃതദേഹം പാൽഘറിലെ അംബേപാഡയിലുള്ള വീട്ടിലേക്ക് കൊണ്ടുപോയത്.
എന്നാൽ, പ്രധാന റോഡിൽ നിന്ന് ഗ്രാമത്തിലേക്കുള്ള ഇടവഴി ടാർ ചെയ്തിട്ടില്ലെന്ന് ആരോപിച്ച് ആംബുലൻസ് ഡ്രൈവർ വാഹനം മുന്നോട്ട് കൊണ്ടുപോകാൻ വിസമ്മതിക്കുകയായിരുന്നു. ഇതോടെ നിസ്സഹായരായ ബന്ധുക്കൾ തുണി ഉപയോഗിച്ച് താൽക്കാലിക സ്ട്രെച്ചർ ഉണ്ടാക്കി മൃതദേഹം ഏകദേശം രണ്ട് കിലോമീറ്ററോളം ദൂരം കാൽനടയായി വീട്ടിലേക്ക് ചുമന്ന് കൊണ്ടുപോവുകയായിരുന്നു.
ഡ്രൈവറുടെ വാദം അധികൃതർ തള്ളി. ആ വഴിയൂടെ ജീപ്പും പിക്കപ്പും ഉൾപ്പെടെയുള്ള മറ്റ് വാഹനങ്ങൾ സാധാരണയായി പോകാറുണ്ടെന്ന് ഗ്രാമവാസികൾ വ്യക്തമാക്കി. പാൽഘർ ജില്ലാ പരിഷത്ത് പുറത്തിറക്കിയ പ്രസ്താവന പ്രകാരം, മരിച്ച വ്യക്തി താമസിച്ചിരുന്ന ഗ്രാമത്തിലേക്കുള്ള 1.8 കിലോമീറ്റർ റോഡ് വാഹനങ്ങൾ കടന്നുപോകാൻ അനുയോജ്യമാണ്. റോഡിന്റെ മോശം അവസ്ഥ കാരണം വാഹനം പോകില്ലെന്ന ആംബുലൻസ് ഡ്രൈവറുടെ വാദം അധികൃതർ ഈ പ്രസ്താവനയിലൂടെ തള്ളിക്കളഞ്ഞു.
സംഭവത്തിൽ ജില്ലാ കളക്ടർ അന്വേഷണം പ്രഖ്യാപിച്ചിട്ടുള്ളതിനാൽ, ഡ്രൈവറുടെ നടപടിക്ക് പിന്നിലെ യാഥാർത്ഥ കാരണങ്ങളും റോഡിന്റെ യഥാർത്ഥ അവസ്ഥയും സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്ന് പ്രതീക്ഷിക്കുന്നു.


