ഹാമിർപൂർ: ഉത്തർപ്രദേശിലെ ഹാമിർപൂരിൽ കുടുംബത്തിലെ ആദ്യത്തെ പെൺകുഞ്ഞിന്റെ ജനനം ആഘോഷമാക്കി ദമ്പതികൾ. മൗദഹയിലെ മൊഹല്ല ഫത്തേപൂരിൽ താമസിക്കുന്ന അജ്ഞും പർവേസ് (രാജു), നിഖത് ഫാത്തിമ എന്നിവരാണ് പെൺകുഞ്ഞിനെയും അമ്മയെയും ആശുപത്രിയിൽ നിന്ന് വീട്ടിലേക്ക് വരവേൽക്കാൻ ഡിജെ പാർട്ടിയും 13 സ്കോർപിയോ കാറുകളുടെ അകമ്പടിയും ഒരുക്കിയത്. പെൺകുട്ടികളുടെ ജനനം പലപ്പോഴും നിരാശയോടെ കാണുന്ന പ്രദേശത്ത് ഈ ആഘോഷം ഏറെ ശ്രദ്ധേയമായി.

ഇന്ത്യയിലെ പല ഗ്രാമങ്ങളിലും ഇന്നും പെൺകുട്ടികളെ അംഗീകരിക്കാൻ മടിക്കുന്ന സാഹചര്യത്തിലാണ് ഈ വേറിട്ട ആഘോഷം. പെൺകുട്ടികൾ കുടുംബത്തിന് ബാധ്യതയാണെന്ന ധാരണയാണ് ഇതിന് പിന്നിൽ. ഹാമിർപൂരിലും പരിസര ഗ്രാമങ്ങളിലും ആൺകുട്ടികളുടെ ജനനം ആഘോഷിക്കാറുണ്ടെങ്കിലും, പെൺകുട്ടികളുടെ ജനനത്തിൽ നിരാശ പ്രകടിപ്പിക്കുന്നത് പതിവാണ്. ഈ പതിവിന് വിപരീതമായാണ് അജ്ഞും പർവേസ് തന്റെ മകളുടെ ജനനം ഗ്രാമത്തിന് തന്നെ ആഘോഷമാക്കി മാറ്റിയത്.

തങ്ങൾ ഒരു പെൺകുഞ്ഞിന് വേണ്ടിയാണ് കാത്തിരുന്നതെന്ന് അജ്ഞും പർവേസ് പറഞ്ഞു. വിരമിച്ച സൈനിക ഉദ്യോഗസ്ഥന്റെ മകനാണ് അജ്ഞും. അദ്ദേഹത്തിന് നാല് സഹോദരന്മാരുണ്ടെങ്കിലും സഹോദരിമാർ ആരുമില്ല. മറ്റ് സഹോദരങ്ങൾ അവിവാഹിതരാണ്. നിലവിൽ ധാന്യങ്ങൾ പൊടിക്കുന്ന മില്ല് നടത്തുകയാണ് ഇദ്ദേഹം. നിഖത് പ്രസവിച്ച ആശുപത്രിയിലെ ഡോക്ടർ അൻഷു മിശ്ര ഈ സംരംഭത്തെ വലിയ സാമൂഹിക പ്രാധാന്യമുള്ള ഒന്നായി വിശേഷിപ്പിച്ചു. ഇത്തരം ആഘോഷങ്ങൾ പെൺമക്കൾക്ക് ബഹുമാനവും പ്രാധാന്യവും നൽകുന്നതിനെക്കുറിച്ചുള്ള സന്ദേശം മുഴുവൻ പ്രദേശത്തേക്കും എത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.