ലഖ്നൗ: ഒരു ലക്ഷം രൂപ വിലമതിക്കുന്ന സ്കൂട്ടറിന് അധികൃതർ പിഴയിട്ടത് 21 ലക്ഷം രൂപ. ഹെൽമെറ്റ് ധരിക്കാതെയും മതിയായ രേഖകളില്ലാതെയുമാണ് യുവാവ് വാഹനം ഓടിച്ചിരുന്നത്. സംഭവം സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണ് അധികൃതർ വിശദീകരണവുമായി രംഗത്തെത്തിയത്. ഉത്തർപ്രദേശിലെ മുസഫർനഗറിൽ ന്യൂമണ്ഡി പോലീസ് നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് സംഭവം.

ഹെൽമെറ്റ് ധരിക്കാത്തതിനും വാഹനത്തിന്റെ രേഖകൾ ഹാജരാക്കാത്തതിനും ചുമത്തിയ പിഴത്തുക 20,74,000 രൂപയെന്ന് രസീതിൽ രേഖപ്പെടുത്തിയതാണ് യുവാവിനെ ഞെട്ടിച്ചത്. സബ് ഇൻസ്പെക്ടറുടെ അശ്രദ്ധയാണ് പിഴത്തുകയിൽ ഇത്രയും വലിയ തെറ്റ് സംഭവിക്കാൻ കാരണമെന്ന് മുസഫർനഗർ ട്രാഫിക് പോലീസ് സൂപ്രണ്ട് അതുൽ ചൗബെ വിശദീകരിച്ചു. മോട്ടോർ വാഹന നിയമത്തിലെ സെക്ഷൻ 207 പ്രകാരമാണ് നടപടി സ്വീകരിച്ചത്.

എന്നാൽ, സെക്ഷൻ 207-ന് ശേഷം 'എംവി ആക്ട്' എന്ന് ചേർക്കാൻ ഉദ്യോഗസ്ഥൻ വിട്ടുപോയതാണ് പിശകിന് ഇടയാക്കിയത്. സെക്ഷൻ 207-ലെ ഏറ്റവും കുറഞ്ഞ പിഴത്തുകയായ 4,000 രൂപയും ഇപ്രകാരം തെറ്റായി രേഖപ്പെടുത്തുകയായിരുന്നു. ഇതൊരു സാങ്കേതിക പിശകായിരുന്നെന്നും, യുവാവ് 4,000 രൂപ പിഴയായി അടച്ചാൽ മതിയെന്നും അധികൃതർ വ്യക്തമാക്കി.