- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജമ്മുവിലെ നിയന്ത്രണരേഖയ്ക്ക് സമീപം പാക് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു; ബിഎസ്എഫ് ജവാന് പരിക്ക്; തിരിച്ചടിച്ച് ഇന്ത്യന്‍ സൈന്യം
പ്രകോപനമില്ലാതെ പാകിസ്ഥാന്‍ റേഞ്ചേഴ്സ് നടത്തിയ അക്രമത്തിനെതിരെ ബിഎസ്എഫ് ശക്തമായി തിരിച്ചടിച്ചു.
ശ്രീനഗര്‍: ജമ്മുവിലെ നിയന്ത്രണ രേഖയ്ക്ക് സമീപം വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാകിസ്ഥാന്‍ സൈന്യത്തിന്റെ വെടിവെയ്പ്പ്. ബുധനാഴ്ച പുലര്‍ച്ചെ ഉണ്ടായ വെടിവെയ്പ്പില്‍ അതിര്‍ത്തി സുരക്ഷാ സേനയിലെ (ബിഎസ്എഫ്) ഒരു ഉദ്യോഗസ്ഥന് പരിക്കേറ്റതായി റിപ്പോര്‍ട്ട്. ജമ്മുവിലെ അഖ്നൂര്‍ സെക്ടറിലാണ് ബുദ്ധനാഴ്ച പുലര്‍ച്ചെ 2.35ഓടെയാണ് വെടിവയ്പ്പ് നടന്നത്. പ്രകോപനമില്ലാതെ പാകിസ്ഥാന്‍ റേഞ്ചേഴ്സ് നടത്തിയ അക്രമത്തിനെതിരെ ബിഎസ്എഫ് ശക്തമായി തിരിച്ചടിച്ചു.
നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ ബാക്കിനില്‍ക്കെ കുറച്ച് നാളുകളായി അതിര്‍ത്തിയില്‍ പല പ്രദേശങ്ങളിലായി ഉണ്ടാകുന്ന നുഴഞ്ഞു കയറ്റവും മറ്റും സുരക്ഷാ സേനകള്‍ വിഭലമാക്കിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഇന്ന് രാവിലെ ഉണ്ടായ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം.
'അതിര്‍ത്തിക്കപ്പുറത്ത് നിന്ന് പുലര്‍ച്ചെ 2.35 ന് അഖ്നൂര്‍ പ്രദേശത്ത് പ്രകോപനമില്ലാതെ വെടിവയ്പ്പ് ഉണ്ടായി, അതിന് ബിഎസ്എഫ് ഉചിതമായ മറുപടി നല്‍കി. പാകിസ്ഥാന്‍ വെടിവയ്പ്പില്‍ ഒരു ബിഎസ്എഫ് ജവാന് പരിക്കേറ്റു', സേനയുടെ ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞു.
കൂടാതെ പാകിസ്ഥാന്‍ ആക്രമണത്തെ തുടര്‍ന്ന് അന്താരാഷ്ട്ര അതിര്‍ത്തിയിലും നിയന്ത്രണരേഖയിലും ഇന്ത്യന്‍ സൈനികര്‍ക്ക് അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2021ല്‍ ഇരു രാജ്യങ്ങളും നിയന്ത്രണ രേഖയിലെ വെടിനിര്‍ത്തല്‍ കരാര്‍ പുതുക്കിയിരുന്നു. ഈ കാലഘട്ടം മുതല്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനങ്ങള്‍ വളരെ കുറവായിരുന്നു. എന്നാല്‍ കുറച്ച നാളുകളായി നുഴഞ്ഞു കയറ്റവും ഏറ്റുമുട്ടലുകളും വര്‍ദ്ധിച്ചു വരുന്നുണ്ട്. ജമ്മു കശ്മീരില്‍ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണിതെന്നാണ് നിഗമനം.
ജമ്മു കശ്മീര്‍ 10 വര്‍ഷത്തിന് ശേഷം ആദ്യമായാണ് നിയമസഭാ തിരഞ്ഞെടുപ്പിന് തയ്യാറെടുക്കുന്നത്. ഈ സാഹചര്യത്തില്‍ ഇന്ത്യന്‍ സൈന്യം ജാഗ്രതയോടെയാണ് നിലവിലെ സാഹചര്യങ്ങള്‍ നേരിടുന്നത്. കഴിഞ്ഞ ദിവസം രജൗരിയിലും ഭീകരര്‍ നുഴഞ്ഞു കയറാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ കശ്മീര്‍ പൊലീസിന്റെയും അതിര്‍ത്തി സുരക്ഷാ സേനയുടെയും സംയുക്ത സംഘം ഇത് വിഫലമാക്കിയിരുന്നു.
ജമ്മു കശ്മീരില്‍ മൂന്ന് ഘട്ടങ്ങളായി നടക്കുന്ന തിരഞ്ഞെടുപ്പ് സെപ്റ്റംബര്‍ 18 ന് ആരംഭിക്കും. രണ്ടാം ഘട്ടം സെപ്റ്റംബര്‍ 25 നും മൂന്നാം ഘട്ടം ഒക്ടോബര്‍ 1 നും നടക്കും. ഒക്ടോബര്‍ എട്ടിനാണ് ഫലം പ്രഖ്യാപനം.