ഷിംല: ഹിമാചൽ പ്രദേശിൽ മേഘവിസ്‌ഫോടനത്തെ തുടർന്ന് മിന്നൽ പ്രളയം. സോളൻ, ഹാമിർപൂർ, മാണ്ഡി ജില്ലകളിലാണ് മേഘവിസ്ഫോടനം ഉണ്ടായത്. വെള്ളപ്പൊക്കത്തിൽ രണ്ട് പേർ മരിച്ചു. വിനോദ സഞ്ചാരികളും നാട്ടുകാരും ഉൾപ്പടെ ഇരുന്നൂറിലധികം പേർ ഒറ്റപ്പെട്ടതായി പൊലീസ് അറിയിച്ചു. മേഖലയിലെ ആളുകളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.

ദേശീയ പാതയിൽ പല സ്ഥലത്തും റോഡുകൾ ഇടിഞ്ഞതിനെ തുടർന്ന് ഗതാഗതം സ്തംഭിച്ചിരിക്കുകയാണ്. പലയിടത്തും റോഡുകൾ അടച്ചു. വെള്ളപ്പൊക്കത്തിൽ വ്യാപകമായി കൃഷി നാശം ഉണ്ടായി. ഇരുപതിലേറെ വീടുകൾക്കും ഒട്ടേറെ വാഹനങ്ങൾക്കും നാശനഷ്ടമുണ്ടായി. നിരവധി കന്നുകാലികളും ഒലിച്ചുപോയി.

ഏകദേശം ഒരു കോടിയുടെ നാശനഷ്ടമുണ്ടായതായാണ് വിലയിരുത്തൽ. അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് വ്യാപകമായി മഴ തുടരുമെന്നാണ് കേന്ദ്രകാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ശക്തമായ മഴ കണക്കിലെടുത്ത് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നിരവധി സ്ഥലങ്ങളിൽ ചെറുതും വലുതുമായ നിരവധി ഉരുൾപൊട്ടലുകൾ ഉണ്ടായിട്ടുണ്ട്. കനത്ത മഴയെ തുടർന്ന് പത്തിലേറെ ട്രെയിനുകൾ റദ്ദാക്കി.