ചെന്നൈ: തമിഴ്‌നാട് സേലത്ത് ഭക്ഷ്യവിഷബാധയെ തുടർന്ന് 82 നഴ്സിങ് വിദ്യാർത്ഥികൾ ആശുപത്രിയിൽ. കുപ്പന്നൂർ എസ്‌പിസി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നഴ്സിങ് എജ്യുക്കേഷൻ ആൻഡ് റിസർച്ചിലെ കുട്ടികളാണ് ചികിത്സ തേടിയത്.

ഞായറാഴ്ച ഹോസ്റ്റലിലെ ഉച്ചഭക്ഷണം കഴിച്ച ശേഷമാണ് വയറ്റിൽ അസ്വസ്ഥത, ഛർദ്ദി, വയറിളക്കം എന്നിവ അനുഭവപ്പെട്ടതെന്ന് വിദ്യാർത്ഥികൾ പറഞ്ഞു. തിങ്കളാഴ്ച 20 വിദ്യാർത്ഥികൾക്കാണ് ആദ്യം അവശത അനുഭവപ്പെട്ടത്. ആരോഗ്യപ്രവർത്തകർ കോളജിലെത്തി വിദ്യാർത്ഥികളെ പരിശോധിക്കുകയും നിർജ്ജലീകരണം ബാധിച്ചതായി കണ്ടെത്തുകയും ചെയ്തു.

തുടർന്ന് വിദ്യാർത്ഥികളെ സേലം മോഹൻ കുമാരമംഗലം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ വിദ്യാർത്ഥികളുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു.

ഹോസ്റ്റൽ പ്രവർത്തിപ്പിക്കുന്നതിന് കോളജ് മാനേജ്‌മെന്റ് വകുപ്പിൽ നിന്ന് അനുമതി വാങ്ങിയിട്ടില്ലെന്നും പാചകത്തിന് ഉപയോഗിക്കുന്ന വെള്ളം ഭരണകൂടം പരിശോധിച്ചില്ലെന്നും ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ സേലം ജില്ലാ ഓഫീസർ കതിരവൻ പറഞ്ഞു. അടുക്കള കൃത്യമായി അണുവിമുക്തമാക്കിയില്ലെന്നും പാചകത്തിന് ഉപയോഗിക്കുന്ന വെള്ളത്തിൽ മലിനജലം കലർന്നതായും റിപ്പോർട്ടിൽ പറയുന്നു. സംഭവത്തെ തുടർന്ന് ഹോസ്റ്റലിന്റെ അടുക്കള താത്ക്കാലികമായി അടച്ചുപൂട്ടി.