- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നേപ്പാൾ യാത്രയ്ക്ക് സൗജന്യ റീഷെഡ്യൂളിങ്; ടിക്കറ്റ് റദ്ദാക്കുന്നവർക്ക് മുഴുവൻ പണവും റീഫണ്ട് നൽകും; സേവനം വെബ്സൈറ്റ്, വാട്‌സാപ്പ്, മൊബൈൽ ആപ് എന്നിവയിലൂടെ ലഭ്യമാകുമെന്ന് എയർ ഇന്ത്യ എക്സ്പ്രസ്
ന്യൂഡൽഹി: നേപ്പാളിലേക്കും തിരിച്ചും ടിക്കറ്റുകൾ ബുക്ക് ചെയ്തവർക്ക് സൗജന്യ ടിക്കറ്റ് റീഷെഡ്യൂളിങ്ങും ടിക്കറ്റ് റദ്ദാക്കുന്നവർക്ക് മുഴുവൻ പണവും റീഫണ്ടായി നൽകുമെന്നും അറിയിച്ച് എയർ ഇന്ത്യ എക്സ്പ്രസ്. സെപ്റ്റംബർ 17, 2025 വരെ ടിക്കറ്റ് ബുക്ക് ചെയ്തവർക്കാണ് ഈ ആനുകൂല്യം ലഭ്യമാകുക. യാത്രക്കാർക്ക് എയർലൈനിന്റെ എഐ ചാറ്റ് അസിസ്റ്റന്റ് ടിയ വഴി '#NepalTravel' എന്ന് ടൈപ്പ് ചെയ്താൽ സഹായം ലഭിക്കും. കൂടാതെ, എയർ ഇന്ത്യ എക്സ്പ്രസ് വെബ്സൈറ്റ്, വാട്‌സാപ്പ്, മൊബൈൽ ആപ്ലിക്കേഷൻ എന്നിവ വഴിയും ടിക്കറ്റ് മാറ്റിവെക്കാനും റദ്ദാക്കാനും സൗകര്യമുണ്ട്. നാളെ മുതൽ നേപ്പാളിലേക്കും തിരിച്ചുമുള്ള എയർ ഇന്ത്യ സർവീസുകൾ തടസ്സമില്ലാതെ തുടരുമെന്ന് അധികൃതർ വ്യക്തമാക്കി.
കഠ്മണ്ഡുവിലെ ത്രിഭുവൻ അന്താരാഷ്ട്ര വിമാനത്താവളം 24 മണിക്കൂർ അടച്ചിട്ട ശേഷം വീണ്ടും പ്രവർത്തനം ആരംഭിച്ചു. സുരക്ഷാ കാരണങ്ങളാൽ നിർത്തിവെച്ചിരുന്ന വിമാന സർവീസുകൾ പുനരാരംഭിക്കാൻ വിമാനത്താവള സുരക്ഷാ സമിതി യോഗത്തിൽ തീരുമാനമായി. സർവീസുകൾ സംബന്ധിച്ച വിശദാംശങ്ങൾക്കായി യാത്രക്കാർ അതത് വിമാനക്കമ്പനികളുമായി ബന്ധപ്പെടേണ്ടതാണ്. വിമാനത്താവളത്തിലേക്ക് യാത്ര ചെയ്യുമ്പോൾ ഔദ്യോഗിക ടിക്കറ്റുകളും തിരിച്ചറിയൽ രേഖകളും കൈവശം വെക്കാൻ അധികൃതർ നിർദ്ദേശിച്ചു.
അതിനിടെ, നേപ്പാളിൽ കുടുങ്ങിക്കിടക്കുന്ന മലയാളികളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കേരള മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന് കത്തയച്ചു. നേപ്പാളിലെ പ്രക്ഷോഭങ്ങളെത്തുടർന്ന് പൊഖ്റയിൽ വിനോദസഞ്ചാരത്തിനെത്തിയ പ്രായമായവർ ഉൾപ്പെടെയുള്ള മലയാളികൾക്ക് അടിയന്തര സഹായം ആവശ്യമാണെന്നും അവരുടെ സുരക്ഷ ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി കത്തിൽ അഭ്യർത്ഥിച്ചു.