തിരുവനന്തപുരം: കെഎസ്ആർടിസിയുടെ എല്ലാ ഓഫിസുകളും വൃത്തിയായി സൂക്ഷിക്കാൻ കർമപദ്ധതിയുമായി ഗതാഗതമന്ത്രി കെബി ഗണേശ്‌കുമാർ. കെഎസ്ആർടിസി ഡിപ്പോകളിലോ ബസുകളിലോ പോസ്റ്ററുകൾ പതിക്കരുതെന്നു മന്ത്രി നിർദേശിച്ചു. കെഎസ്ആർടിസി ബസുകളിലും ഡിപ്പോകളിലും തന്റെ പടംപോലും ഒട്ടിക്കരുതെന്നും പോസ്റ്ററുകൾ കണ്ടാൽ കീറിക്കളയണമെന്നും മന്ത്രി ജീവനക്കാരോടായി വ്യക്തമാക്കി.

അംഗീകാരമുള്ളതും അല്ലാത്തതുമായ യൂണിയനുകൾക്ക് പോസ്റ്ററുകൾ പതിക്കാൻ സ്ഥലം അനുവദിക്കും. അവിടെ മാത്രമേ പോസ്റ്ററുകൾ പതിക്കാവൂ. ഇതു സംബന്ധിച്ച് സിഎംഡി നിർദ്ദേശം നൽകിയിട്ടുണ്ട്. മന്ത്രിയായ തന്റെ പോസ്റ്ററുകൾ കണ്ടാൽ പോലും ഇളക്കിക്കളയണമെന്നും ഗണേശ് കുമാർ ആവശ്യപ്പട്ടു.

'എനിക്കു നിങ്ങളോടു ചിലതു പറയാനുണ്ട്' എന്ന പേരിൽ കെഎസ്ആർടിസിയുടെ ഔദ്യോഗിക യൂട്യൂബ് പേജിൽ പങ്കുവച്ച വിഡിയോയിലാണ് ഗണേശ് കുമാർ ഇക്കാര്യം പറഞ്ഞത്. ബസ് സ്റ്റേഷനിലോ ബസ്സിന്റെ പുറത്തോ പോസ്റ്റർ ഒട്ടിച്ചാൽ അക്കാര്യം പൊലീസിൽ അറിയിക്കണം. അത്തരം സംഘടനകൾക്കെതിരെ കെഎസ്ആർടിസി കേസ് കൊടുക്കുമെന്നും മന്ത്രി പറഞ്ഞു.

ഡിപ്പോകളിലേക്ക് വിളിച്ചാൽ ഫോൺ എടുത്ത് മാന്യമായി സംസാരിക്കണം. പൊതുജനങ്ങൾക്ക് പരാതികൾ അറിയിക്കാൻ പുതിയ സംവിധാനം കൊണ്ടുവരും. ഡിപ്പോകളും സ്റ്റേഷനുകളും ആറുമാസത്തിനുള്ളിൽ പൂർണമായും കമ്പ്യൂട്ടർവത്കരിക്കുമെന്നും മന്ത്രി ഉറപ്പുനൽകി. ഓഫീസുകൾ വൃത്തിയായി സൂക്ഷിക്കണമെന്നും ശനിയാഴ്ച ഉച്ചയ്ക്കുശേഷം ഉന്നതഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവർചേർന്ന് വൃത്തിയാക്കണമെന്നും മന്ത്രി നിർദേശിച്ചു.