ന്യൂഡൽഹി: വിവാഹാഭ്യർഥന നിരസിച്ചതിന് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കത്തി കൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ചു യുവാവ്. കഴുത്തിനും തലയ്ക്കും ഗുരുതരമായി പരിക്കേറ്റ പെൺകുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ പൊലീസ് പിടികൂടി.

ഞായറാഴ്ച ഉച്ചയ്ക്ക് ഒരുമണിക്ക് തെക്കുകിഴക്കൻ ഡൽഹിയിലാണ് സംഭവം. ഇരുവരും നാലുവർഷമായി അടുപ്പത്തിലായിരുന്നു. അടുത്തിടെ പെൺകുട്ടി ബന്ധം അവസാനിപ്പിക്കുകയും വിവാഹാഭ്യർഥന നിരസിക്കുകയും ചെയ്തിരുന്നു. ഇതാണ് പ്രകോപനത്തിന് കാരണമെന്ന് പൊലീസ് പറയുന്നു.

പെൺകുട്ടിയുടെ സുഹൃത്തിന്റെ വീട്ടിൽ വച്ചായിരുന്നു ആക്രമണം. കഴുത്തിനും തലയ്ക്കും കുത്തേറ്റ പെൺകുട്ടി എയിംസ് ആശുപത്രിയിലാണ് ചികിത്സയിൽ കഴിയുന്നത്. വധശ്രമം അടക്കമുള്ള വകുപ്പുകൾ ചേർത്ത് ആൺകുട്ടിക്കെതിരെ കേസ് എടുത്തതായും പൊലീസ് അറിയിച്ചു.