ന്യൂഡല്‍ഹി: പശുക്കള്‍ക്കും യോഗക്കും വേണ്ടിയുള്ള സ്ഥലമാണ് ഗോവയെന്ന് മുഖ്യമന്ത്രി പ്രമോദ് സാവന്ത്. ആഘോഷത്തിന് വേണ്ടിയുള്ള സ്ഥലമല്ല ഗോവയെന്നും അദ്ദേഹം പറഞ്ഞു. ഗോവയിലെ ക്ഷേത്രങ്ങളേക്കാള്‍ ബീച്ചുകളിലേക്കാണ് കൂടുതല്‍ ആളുകള്‍ എത്തുന്നത്. സംസ്ഥാനത്തിന്റെ സംസ്‌കാരത്തേക്കാള്‍ മണലും കടലുമാണ് എല്ലാവരേയും ആകര്‍ഷിക്കുന്നത്. ഈയൊരു പശ്ചാത്തലത്തിലാണ് പ്രമോദ് സാവന്തിന്റെ പ്രതികരണം. സനാതന്‍ രാഷ്ട്ര സന്‍കാനന്ദ് പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എവിടെ നിന്ന് ഗോവയിലേക്ക് ആളുകളെത്തിയാലും സംസ്ഥാനത്തെ ആഘോഷത്തിനുള്ള സ്ഥലമായാണ് കണക്കാക്കുന്നത്. എന്നാല്‍, ഇത് പശുക്കളുടേയും യോഗയുടേയും സ്ഥലമാണെന്ന് സംസാരിക്കുമ്പോള്‍ അദ്ദേഹം പറഞ്ഞു. മഹാവിഷ്ണുവിന്റെ അവതാരമായ പശുരാമന്‍ മഴുവെറിഞ്ഞാണ് ഗോവ ഉണ്ടാക്കിയതെന്നും പ്രമോദ് സാവന്ത് പറഞ്ഞു.

ഇപ്പോള്‍ ബീച്ചുകളേക്കാള്‍ ക്ഷേത്രങ്ങള്‍ കാണാനാണ് കൂടുതല്‍ ആളുകള്‍ ഗോവയിലേക്ക് എത്തുന്നത്. സമ്പന്നമായ സംസ്‌കാരം പഠിക്കാനും ഗോവയിലേക്ക് ആളുകള്‍ എത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗോവയിലെ ക്ഷേത്രങ്ങളുടെ ഭരണം നടത്തുന്നത് പ്രാദേശിക സമൂഹങ്ങളാണ്. സര്‍ക്കാറിന് അതില്‍ ഒരു നിയന്ത്രണവുമില്ല. നൂറ്റാണ്ടുകളായി തുടരുന്ന ആചാരങ്ങളാണ് ഗോവയില്‍ പിന്തുടരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.