മുംബൈ: മുംബൈ വിമാനത്താവളം വഴി 1.6 കോടി രൂപയുടെ വിദേശ സ്വര്‍ണം കടത്തിയ രണ്ട് ശുചീകരണ തൊഴിലാളികള്‍ അറസ്റ്റില്‍. ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് (ഡിആര്‍ഐ) ആണ് ജീവനക്കാരെ അറസ്റ്റ് ചെയ്തത്. അന്താരാഷ്ട്ര യാത്രക്കാരെ ഉപയോഗിച്ച് വിമാനത്തില്‍ സ്വര്‍ണം കടത്തുന്ന സംഘമാണ് പിന്നിലെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഈ സ്വര്‍ണം പിന്നീട് വിമാനത്താവള ജീവനക്കാരുടെ പക്കലെത്തി. സ്വര്‍ണം കടത്തിയ ജീവനക്കാരെ ശനിയാഴ്ചയാണ് പിടികൂടിയത്.

ഒളിപ്പിച്ച് വിദേശത്തുനിന്നുള്ള സ്വര്‍ണ്ണം കടത്തുന്നുണ്ടെന്ന് ഡിആര്‍ഐക്ക് വ്യക്തമായ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വിമാനത്താവളത്തില്‍ കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്തി. ക്ലീനിംഗ് സ്റ്റാഫിന്റെ ഒരു ടീം ലീഡര്‍ എയ്റോബ്രിഡ്ജ് പടിക്കെട്ടില്‍ പാക്കറ്റ് വയ്ക്കുന്നത് ഡിആര്‍ഐ ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. പിന്നീട് പാക്കറ്റ് കണ്ടെത്തി നടത്തിയ പരിശോധനയില്‍ അതില്‍ മെഴുക് രൂപത്തില്‍ തുണിക്കടിയില്‍ സ്വര്‍ണം ഒളിപ്പിച്ച നിലയില്‍ കണ്ടെത്തി. ഉടന്‍ തന്നെ ജീവനക്കാരനെ പിടികൂടി. ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചു.

തന്റെ സൂപ്പര്‍വൈസര്‍ വിമാനത്തില്‍ നിന്ന് സ്വര്‍ണ്ണം എടുത്ത് തനിക്ക് കൈമാറിയതായും ഇയാള്‍ ഉദ്യോഗസ്ഥരോട് പറഞ്ഞു. ജീവനക്കാരന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ സൂപ്പര്‍വൈസറെയും അറസ്റ്റ് ചെയ്തതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. 1.6 കോടി രൂപ വിലമതിക്കുന്ന 24 കാരറ്റ് പരിശുദ്ധിയുള്ള 1.2 കിലോഗ്രാം സ്വര്‍ണം കസ്റ്റംസ് ആക്ട് പ്രകാരം പിടിച്ചെടുത്തതായും ഉദ്യോഗസ്ഥര്‍ അറിയിച്ചു.