മുംബൈ: സോളാപുരിൽനിന്ന് മുംബൈയിലേക്കുള്ള ട്രെയിൻ യാത്രയ്ക്കിടെ സ്വർണ വ്യാപാരിയുടെ 5.53 കോടി രൂപ വിലവരുന്ന സ്വർണാഭരണങ്ങൾ കൊള്ളയടിച്ചു. ഉറങ്ങിക്കിടക്കുമ്പോഴാണ് 4,456 ഗ്രാം സ്വർണം നഷ്ടപ്പെട്ടതെന്ന് വ്യാപാരി നൽകിയ പരാതിയിൽ പറയുന്നു. വ്യാപാരിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കല്യാൺ ഗവൺമെന്റ് റെയിൽവേ പോലീസ് (ജിആർപി) അന്വേഷണം ആരംഭിച്ചു.

സോളാപുരിൽനിന്ന് മുംബൈയിലേക്ക് സിദ്ധേശ്വർ എക്സ്പ്രസ്സിൽ യാത്ര ചെയ്യവെയാണ് സംഭവം. വ്യാപാരി 4,456 ഗ്രാം സ്വർണാഭരണങ്ങൾ അടങ്ങിയ രണ്ട് ട്രോളി ബാഗുകൾ തന്റെ സീറ്റിനടിയിൽ ചെയിൻ ഉപയോഗിച്ച് പൂട്ടിവെച്ചിരുന്നു. എന്നാൽ, ഉറങ്ങി ഉണർന്നപ്പോൾ ബാഗുകൾ നഷ്ടപ്പെട്ടതായി കണ്ടെത്തുകയായിരുന്നു.

തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു. യാത്രക്കാരുടെ വിവരങ്ങൾ, ട്രെയിൻ കടന്നുപോയ പ്രധാന സ്റ്റേഷനുകളിലെ സിസിടിവി ദൃശ്യങ്ങൾ എന്നിവ കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്. സംഭവത്തിൽ ഊർജിതമായ അന്വേഷണം നടന്നുവരികയാണെന്ന് റെയിൽവേ പോലീസ് അറിയിച്ചു.