ജയ്പുർ: ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ യാത്രക്കാർക്കു നേരെ വെടിവെപ്പ്. സംഭവത്തിൽ നാല് പേർ മരിച്ചു. മൂന്ന് യാത്രക്കാർക്ക് പരിക്കേറ്റു. മുംബൈ-ജയ്പുർ എക്സ്‌പ്രസിൽ(12956) ആണ് സംഭവം. റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സ് (ആർപിഎഫ്) കോൺസ്റ്റബിളാണ് യാത്രക്കാർക്കു നേരെ വെടിവച്ചത്.

സംഭവത്തിൽ ഇയാളുടെ മേലുദ്യോഗസ്ഥനായ എഎസ്‌ഐ അടക്കമുള്ള നാല് പേരാണ് മരിച്ചത്. എസ്‌കോർട്ട് ഇൻ ചാർജ് എഎസ്‌ഐ ടിക്കാ റാം ആണ് മരിച്ച ആർപിഎഫ് ഉദ്യോഗസ്ഥൻ.

ജയ്പുരിൽ നിന്നു മുംബൈയിലേക്ക് പോകുകയായിരുന്ന മുംബൈ സെൻട്രൽ എസ്എഫ് എക്സ്‌പ്രസ് ട്രെയിൻ പാൽഘർ സ്‌റ്റേഷൻ കടന്നതിനു പിന്നാലെയാണ് സംഭവം. ബി 5 കോച്ചിലാണ് ആക്രമണം നടന്നത്. ആർപിഎഫ് കോൺസ്റ്റബിളായ സിടി ചേതൻ എന്നയാളാണ് അക്രമി. പുലർച്ചെ അഞ്ച് മണിയോടെ ട്രെയിൻ പാൽഗർ സ്‌റ്റേഷൻ കടന്നതിന് ശേഷമായിരുന്നു വെടിവെപ്പ്.

യാത്രക്കാരിൽ ഭൂരിഭാഗവും ഉറക്കമായിരുന്നു. കൊലപാതകത്തിന് ശേഷം ദഹിസാർ സ്‌റ്റേഷന് സമീപത്ത് വെച്ച് ഇയാൾ ട്രെയിനിൽ നിന്ന് ചാടി. ബോറിവലി സ്‌റ്റേഷനിൽ വച്ച് മൃതദേഹങ്ങൾ ട്രെയിനിൽ നിന്ന് സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമല്ല.

വെടിയുതിർത്തതിനു പിന്നാലെ ഇയാൾ ട്രെയിനിൽ നിന്നു ചാടി രക്ഷപ്പെട്ടു. ദഹിസർ സ്‌റ്റേഷനു സമീപത്താണ് ഇയാൾ ചാടിയത്. പിന്നാലെ കോൺസ്റ്റബിളിനെ ആയുധങ്ങൾ സഹിതം കസ്റ്റഡിയിൽ എടുത്തു. ഭ്യാന്ദർ സ്‌റ്റേഷനിൽ വച്ചാണ് ഇയാൾ പിടിയിലായത്.