വാരണാസി: വാരണാസിയിലെ ഗ്യാൻവാപി മുസ്ലിം പള്ളിയിൽ പുരാവസ്തു വകുപ്പിന്റെ സർവേ ഇന്ന് തുടങ്ങി. അലഹബാദ് ഹൈക്കോടതിയിൽ നിന്നുള്ള അനുകൂല ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് സർവേ പുനരാരംഭിക്കുന്നത്. സർവേ സംഘം ഇതിനകം തന്നെ പള്ളിയിൽ എത്തിയിട്ടുണ്ട്. അതീവ സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

സർവേ പരിഗണിച്ച് പള്ളിയുടെയും വിശ്വനാഥ ക്ഷേത്രത്തിന്റെ പരിസരത്ത് അവതീവ സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. സമൂച്ചയത്തിലെ ഗേറ്റ് നാലിന് 100 മീറ്റർ അകലെ വരെയേ മാധ്യമങ്ങൾക്ക് പ്രവേശനമുള്ളു. പരാതിക്കാരായ ഹിന്ദു സംഘടന പ്രവർത്തകരുടെയും അവരുടെ അഭിഭാഷകരുടെയും സാന്നിധ്യത്തിലാണ് 30 അംഗ സർവേ സംഘം പള്ളിയിൽ എത്തിയത്. മൊത്തം 42 പേരാണ് സംഘത്തിലുള്ളത്.

ക്ഷേത്രം നിന്നിരുന്ന സ്ഥലത്താണോ പള്ളി സ്ഥാപിച്ചിരിക്കുന്നതെന്നാണ് പരിശോധിക്കുന്നത്. പള്ളി അധികാരികളും സർവേയോട് സഹകരിക്കുമെന്നാണ് സൂചന. സർവേയുടെ പേരിൽ നമസ്‌കാരം മുടക്കരുതെന്നും കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്. നമസിന് മുൻപ് ഇന്നത്തെ സർവേ പൂർത്തിയാക്കും. 12 മണിവരെ സർവേ തുടർന്നേക്കും.

പള്ളി സമുച്ചയത്തിന് ഉള്ളിലുള്ളവയുടെ കാലപ്പഴക്കവും നിർമ്മാണത്തിന്റെ സ്വഭാവവും പരിശോധിക്കും. ആധാരങ്ങളും ചിത്രങ്ങളും ജിപിആർ സർവേയും പരിശോധിക്കും. നിർമ്മാണത്തിന് കേടുപാടുണ്ടാക്കാതെയാണ് സർവേ നടത്തുക. കണ്ടെത്തലുകളിൽ വിശദമായ റിപ്പോർട്ടും തയ്യാറാക്കും.

അതേസമയം, സർവേയ്ക്കെതിരെ മുസ്ലിം വിഭാഗം നൽകിയ അപ്പീൽ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റീസിന്റെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് പരിഗണിക്കുക. ഗ്യാൻവാപിയിൽ സർവേയ്ക്ക് വാരണാസി ജില്ലാ കോടതിയാണ് ആദ്യം അനുമതി നൽകിയത്. ഇതിനെതിരെ പള്ളിക്കമ്മിറ്റി നൽകിയ ഹർജിയിൽ സുപ്രീം കോടതി സ്റ്റേ നൽകുകയും പള്ളിക്കമ്മിറ്റിയുടെ അപ്പീൽ പരിഗണിക്കാൻ ഹൈക്കോടതിയോട് നിർദേശിക്കുകയുമായിരുന്നു.