ബംഗളൂരു: ലൈംഗിക അതിക്രമക്കേസ് പ്രതി ഹാസൻ മണ്ഡലം ജെ.ഡി.എസ് എംപിയും മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ പൗത്രനുമായ പ്രജ്ജ്വൽ രേവണ്ണയെ കണ്ടെത്താൻ പ്രത്യേക അന്വേഷണ ഏജൻസി (എസ്‌ഐ.ടി) ഇന്റർപോളിന്റെ സഹായം തേടി.

കർണാടക ആഭ്യന്തര മന്ത്രി ഡോ. ജി. പരമേശ്വര ഞായറാഴ്ച അറിയിച്ചതാണിത്. ഇന്റർപോൾ നോഡൽ ഏജൻസി സിബിഐ പ്രജ്ജ്വലിന് എതിരെ ബ്ലൂ കോർണർ നോട്ടീസ് പുറപ്പെടുവിച്ചതായും മന്ത്രി പറഞ്ഞു. ലൈംഗിക അതിക്രമങ്ങളിൽ പ്രജ്ജ്വലിന്റെ കൂട്ടുപ്രതിയായ പിതാവ് മുൻ മന്ത്രി എച്ച്.ഡി. രേവണ്ണ എംഎ‍ൽഎയെ മുൻ പ്രധാനമന്ത്രിയും ജെ.ഡി.എസ് ദേശീയ അധ്യക്ഷനുമായ ദേവഗൗഡയുടെ വസതിയിൽനിന്ന് ശനിയാഴ്ച അറസ്റ്റ് ചെയ്തിരുന്നു.

ബംഗളൂരു കൊറമംഗള ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഈ മാസം എട്ടുവരെ എസ്‌ഐ.ടി കസ്റ്റഡിയിൽ വിട്ടു. എസ്‌ഐ.ടി സംഘം ഞായറാഴ്ച വൈകുന്നേരമാണ് മജിസ്‌ട്രേറ്റ് മുമ്പാകെ ഹാജരാക്കിയത്. എംഎ‍ൽഎയെ ഗുർസൺ ആശുപത്രിയിൽ വൈദ്യപരിശോധനക്ക് വിധേയനാക്കി.

പിതാവിന്റെയും പുത്രന്റെയും ലൈംഗിക അതിക്രമത്തിനെതിരെ പരാതി നൽകിയ സ്ത്രീയെ തട്ടിക്കൊണ്ടുപോയ കേസിലും പ്രതിയാണ് രേവണ്ണ. അതേസമയം തനിക്കെതിരേ രജിസ്റ്റർ ചെയ്യപ്പെട്ട കേസുകൾക്ക് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയെന്ന് തട്ടിക്കൊണ്ടുപോകൽ രേവണ്ണ പ്രതികരിച്ചു. 40-വർഷത്തെ രാഷ്ട്രീയ ജീവിതത്തിൽ ഇത്തരമൊരു കേസ് ഉണ്ടായിട്ടില്ലെന്നും ബലാത്സംഗക്കേസും തട്ടിക്കൊണ്ടുപോകൽ കേസും കെട്ടിച്ചമച്ചതാണെന്നും രേവണ്ണ ആരോപിച്ചു.

'എനിക്കെതിരേ രാഷ്ട്രീയ ഗൂഢാലോചന നടന്നിട്ടുണ്ട്. എന്റെ 40-വർഷത്തെ രാഷ്ട്രീയജീവിതത്തിൽ ഇതുപോലൊന്ന് ഇതുവരെ ഉണ്ടായിട്ടില്ല. ഏപ്രിൽ 28-നാണ് എനിക്കെതിരേ പരാതി കൊടുക്കുന്നത്. കേസിൽ ഒരു തെളിവും കണ്ടെത്തിയിട്ടില്ല. എന്നെ അറസ്റ്റ് ചെയ്യുക എന്ന ദുരുദ്യേശത്തോടെ ഒരു തട്ടിക്കൊണ്ടുപോകൽ കേസുണ്ടാക്കി അറസ്റ്റ് ചെയ്തു, രേവണ്ണ പറഞ്ഞു.