കൊൽക്കത്ത: ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്കെതിരെ ഗുരുതരമായ ആരോപണങ്ങളുമായി ഭാര്യ ഹസീൻ ജഹാൻ വീണ്ടും. സുപ്രീംകോടതിയിൽ സമർപ്പിച്ച ഹർജിയിലാണ് ഹസീൻ ജഹാന്റെ ആരോപണങ്ങൾ. ഷമിക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച കീഴ്‌ക്കോടതിയുടെ ഉത്തരവ് റദ്ദാക്കിയ കൊൽക്കത്ത ഹൈക്കോടതിയുടെ ഉത്തരവിനെതിരെയാണ് ഹസിൻ ജഹാൻ സുപ്രീംകോടതിയെ സമീപിച്ചത്.

ഇന്ത്യൻ ടീമിന്റെ പര്യടനങ്ങൾക്കിടയിൽ അടക്കം ഷമി ലൈംഗിക തൊഴിലാളികളുമായി വിവാഹേതര ബന്ധം പുലർത്തിയെന്നാണ് ഹസീൻ ജഹാന്റെ ആരോപണം. ഷമിക്കെതിരെ 2018 ൽ ജാദവ്പൂർ പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിലും ഇതേ കാര്യങ്ങൾ ഹസീൻ ജഹാൻ ഉന്നയിച്ചിരുന്നു. സ്ത്രീധനം നൽകാൻ നിരന്തരം ആവശ്യപ്പെട്ടുവെന്നതാണ് പരാതിയിൽ പറയുന്ന മറ്റൊരു ആരോപണം.

എന്നാൽ ജഹാന്റെ ആരോപണങ്ങളെല്ലാം നിഷേധിച്ച് ഷമിയും രംഗത്തെത്തിയിരുന്നു. ഭാര്യയുടെ പരാതിയിൽ 2018 ൽ കൊൽക്കത്ത പൊലീസ് ഷമിയേയും സഹോദരൻ ഹസീബ് അഹമ്മദിനേയും ചോദ്യം ചെയ്തിരുന്നു. തുടർന്നാണ് ഷമിക്കെതിരെ അലിപൂർ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. ഇതിനെതിരെ ഷമി സെഷൻസ് കോടതിയെ സമീപിച്ചു. 2019 സെപ്റ്റംബർ രണ്ടിന് കോടതി ഉത്തരവ് റദ്ദാക്കി. തുടർന്ന് ഷമിയുടെ ഭാര്യ ഹൈക്കോടതിയെ സമീപിച്ചെങ്കിലും അനുകൂല നിലപാടുണ്ടായില്ല. ഇതോടെയാണ് അവർ സുപ്രിംകോടതിയെ സമീപിച്ചത്.

ഗാർഹിക പീഡനത്തിനു പുറമേ, ഷമിക്കെതിരെ കോഴ ആരോപണവും ഹസീൻ ജഹാൻ ഉന്നയിച്ചിരുന്നു. ഇതിൽ ബിസിസിഐ നടത്തിയ അന്വേഷണത്തിൽ താരത്തിന് ക്ലീൻചിറ്റ് ലഭിച്ചു.